എ.ഡി.ജി.പി. എം.ആര്‍.അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിക്കൊണ്ടുള്ള ഉത്തരവിറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാത്രി സെക്രട്ടറിയേറ്റിലെത്തി. ഞായറാഴ്ച രാവിലെയാണ് അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചത്. ഇതോടടെ മുഖ്യമന്ത്രി നടപടിക്ക് നിര്‍ദേശിക്കുകയും ചെയ്തു. പിന്നീടാണ് ഉത്തരവ് തയാറാക്കിയശേഷം രാത്രി ഒമ്പതോടെ ഓഫീസിലെത്തി മുഖ്യമന്ത്രി ഒപ്പിട്ടത്.
ആരോപണങ്ങള്‍ സംബന്ധിച്ച് പൊലീസ് മേധാവി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എ.ഡി.ജി.പി. എം.ആര്‍.അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിക്കൊണ്ട് മുഖ്യമന്ത്രി ഉത്തരവിറക്കിയത്. പൂരം കലക്കല്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരിടുന്ന അജിത് കുമാറിനെ മാറ്റണമെന്ന് സി.പി.ഐയും ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.
സായുധവിഭാഗം എ.ഡി.ജി.പിയായാണ് അജിത് കുമാറിനെ മാറ്റിയിരിക്കുന്നത്. ഇന്റലിജന്‍സ് വിഭാഗം എ.ഡി.ജി.പി. മനോജ് എബ്രഹാമിനാണ് പകരം ചുമതല. നേരത്തെ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിഷയങ്ങളില്‍ സംസ്ഥാന പൊലീസ് മേധാവിയും പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച ചട്ടവിരുദ്ധമാണെന്ന അന്വേഷണ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാണ് എ.ഡി.ജി.പിയെ ക്രമസമാധാന ചുമതലയില്‍നിന്ന് നീക്കാന്‍ തീരുമാനിച്ചത്.
അജിത്കുമാറിനെതിരെ പി.വി.അന്‍വര്‍ എം.എല്‍.എ. ആരോപണം ഉയര്‍ത്തിയതിനു പിന്നാലെ സെപ്തംബര്‍ രണ്ടിന് സര്‍ക്കാര്‍ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. 33-ാം ദിവസം പ്രത്യേകാന്വേഷണസംഘം ആഭ്യന്തരവകുപ്പിന് അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. എ.ഡി.ജി.പിക്കെതിരായ ആരോപണങ്ങളില്‍ ചില വസ്തുതകളുണ്ടെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആരോപണങ്ങളില്‍ ഒരുഭാഗം സാമ്പത്തിക ഇടപാടും സ്വത്തുസമ്പാദനവുമാണ്. വിജിലന്‍സ് അന്വേഷണം വേണമെന്ന പൊലീസ് മേധാവിയുടെ ശുപാര്‍ശയില്‍ എ.ഡി.ജി.പിക്കും പത്തനംതിട്ട മുന്‍ എസ്.പി.സുജിത്ദാസിനുമെതിരെ വിജിലന്‍സ് അന്വേഷണവും പുരോഗമിക്കുകയാണ്. തൃശൂര്‍പൂരം അലങ്കോലമാക്കിതില്‍ അജിത്കുമാറിന്റെ പങ്ക്‌സംബന്ധിച്ച് മറ്റൊരു അന്വേഷണവും നടക്കുന്നുണ്ട്.
Discussion about this post