കൊല്ലം അഞ്ചലില്‍ 18 വര്‍ഷം മുമ്പ് യുവതിയുടെയും 17 ദിവസം പ്രായമുള്ള
ഇരട്ട കുഞ്ഞുങ്ങളുടെയും കൊലപ്പെടുത്തിയ സംഭവത്തില്‍
കൊലപാതകം നടത്തിയത് രണ്ടാം പ്രതിയായ രാജേഷ് ആണെന്ന് ഒന്നാം പ്രതി ദിബില്‍ കുമാര്‍ മൊഴി നല്കി. വര്‍ഷങ്ങള്‍ക്കു ശേഷം പ്രതികള്‍ പിടിയിലായപ്പോള്‍ നല്കുന്ന വിവരങ്ങളും ഞെട്ടിക്കുന്നതാണ്. രഞ്ജിനിയേയും കുഞ്ഞുങ്ങളേയും ഇല്ലാതാക്കാമെന്ന് നിര്‍ദേശിച്ചതും രാജേഷ് ആണെന്ന് മൊഴിയുണ്ട്. ഇരട്ടക്കുട്ടികളുടെ ജനനത്തിന് മുന്നേതന്നെ പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തു. രഞ്ജിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ രാജേഷ് അവിടെയെത്തി പരിചയപ്പെട്ടു. വാടക വീട്ടിലേക്ക് അടക്കം ഇവരെ മാറ്റിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും പൊലീസ് പറയുന്നു.
കുഞ്ഞുങ്ങളുടെ പിതൃത്വം ദിബില്‍ കുമാര്‍ ഏറ്റെടുക്കണമെന്ന് രഞ്ജിനി ആവശ്യപ്പെട്ടതോടെയാണ് കൊലപാതകത്തിന് തീരുമാനിച്ചത്. കൊല നടത്തിയശേഷം മുന്‍ സൈനികരായ പ്രതികള്‍ 18 വര്‍ഷമാണ് ഒളിവില്‍ കഴിഞ്ഞത്. ഒളിവില്‍ കഴിഞ്ഞതിന്റെ വിശദാംശങ്ങളും പ്രതികള്‍ പൊലീസിനോട് വിശദമായി പറഞ്ഞു. 2008ലാണ് പ്രതികള്‍ പോണ്ടിച്ചേരിയില്‍ എത്തുന്നത്. കൊല നടത്തിയശേഷം രണ്ടു വര്‍ഷം ഇന്ത്യ മുഴുവന്‍ പ്രതികള്‍ കറങ്ങി. പിടിക്കപ്പെടാതിരിക്കാന്‍ ബന്ധുക്കളെ വിളിച്ചിരുന്നില്ല. സൈന്യത്തില്‍ നിന്നുളള ശമ്പളം മിച്ചം പിടിച്ച തുകകൊണ്ടായിരുന്നു യാത്ര. ഇരുവരും ഇന്റീരിയര്‍ ഡിസൈനിങ് നേരത്തെ തന്നെ പഠിച്ചിരുന്നു. പോണ്ടിച്ചേരിയിലെത്തി വിഷ്ണുവെന്നും പ്രദീപ് എന്നും പേരുമാറ്റി അവിടുത്തുകാര്‍ക്ക് മുന്നില്‍ സല്‍സ്വഭാവികളായി ചമഞ്ഞാണ് പിടികൊടുക്കാതെ നിന്നത്. പോണ്ടിച്ചേരി സ്വദേശിനിയെ വിവാഹം കഴിച്ചതോടെ പിടിക്കപ്പെടില്ലെന്ന് കരുതിയെന്നും പ്രതികള്‍ പറഞ്ഞു.
പക്ഷേ അജ്ഞാതനില്‍നിന്നു സി.ബി.ഐ. ചെന്നൈ യൂണിറ്റില്‍നിന്നു ലഭിച്ച വിവരങ്ങള്‍ ഞെട്ടിക്കുന്ന ഒരു കുറ്റകൃത്യത്തിന്റെയും ആള്‍മാറാട്ടത്തിന്റെയും വിവരങ്ങള്‍ പുറത്തുകൊണ്ടുവരികയും പ്രതിളെ അഴിക്കുള്ളിലെത്തിക്കുകയുമായിരുന്നു. ഇരുവരുടേയും യഥാര്‍ഥ വ്യക്തിത്വത്തെ കുറിച്ച് അറിയാവുന്ന ഒരാള്‍, വിഷ്ണുവെന്ന പേരില്‍ ദിബില്‍ ഒളിച്ചുകഴിയുന്നത് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സി.ബി.ഐ. സംഘം നിരീക്ഷണം ആരംഭിക്കുകയും ‘വിഷ്ണു’വിനെ ചോദ്യം ചെയ്തു. ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് യഥാര്‍ഥ പേരും വിലാസവും ദിബില്‍ പൊലീസിന് കൈമാറി.
കേരള പൊലീസ് നടത്തിയ അന്വേഷണത്തില്‍ ദിബില്‍ കുമാറിന്റെ മേല്‍വിലാസം ഉള്‍പ്പെടെയുള്ളവ കണ്ടെത്തി. ദിബില്‍ കുമാറിന്റെ 18 വര്‍ഷം മുമ്പുള്ള ചിത്രം രൂപമാറ്റം വരുത്തി ടെക്നിക്കല്‍ ഇന്റലിജന്‍സ് പരിശോധിച്ചു. ദിബില്‍ കുമാറിന്റെ ഫെയ്സ്ബുക്കിലെ വിവാഹ ഫോട്ടോയുമായി ഇതില്‍ ഒരു ചിത്രത്തിന് സാദൃശ്യം തോന്നി. ഇതോടെയാണ് വിഷ്ണു തന്നെയാണ് ദിബില്‍ കുമാര്‍ എന്ന നിഗമനത്തിലെത്തിയത്. ഈ വിവരം സി.ബി.ഐയ്ക്ക് കൈമാറി.
പഞ്ചാബില്‍ ജോലി ചെയ്യുമ്പോഴാണ് ദിബില്‍ കുമാറും രാജേഷും സുഹൃത്തുക്കളാകുന്നതും തന്റെ പ്രശ്നങ്ങള്‍ രാജേഷുമായി പങ്കുവയ്ക്കുന്നതും. രാജേഷ് നാട്ടില്‍ അവധിക്ക് എത്തിയപ്പോള്‍ ദിബില്‍ കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് പോയി കാണുകയും ചെയ്തു. പ്രസവത്തിനായി ആശുപത്രിയിലെത്തിയ രഞ്ജിനിയേയും അമ്മയേയും രാജേഷ് സന്ദര്‍ശിക്കുകയും കൊല്ലം സ്വദേശി അനില്‍ കുമാറാണ് എന്ന പേരില്‍ പരിചയപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും രഞ്ജിനിയേയും ഇരട്ടക്കുട്ടികളേയും കൊല ചെയ്യാനുള്ള പദ്ധതികള്‍ തയാറാക്കി. ഇതിനായി ഇരുവരും നേരത്തെ തന്നെ അവധിയെടുത്തിരുന്നു. 2006 മാര്‍ച്ച് 14 വരെയായിരുന്നു ദിബില്‍ അവധി നല്‍കിയിരുന്നത്. എന്നാല്‍ ഫെബ്രുവരിയില്‍ കൊലപാതകത്തിനുശേഷം ഇയാള്‍ അവധി റദ്ദ് ചെയ്ത് ജോലിയില്‍ പ്രവേശിച്ചു. പിന്നീട് വീട്ടിലേക്കെന്ന് പറഞ്ഞ് സൈനിക ക്യാമ്പ് വിട്ടു. കൊലപാതകവുമായി ബന്ധപ്പെട്ട് വീട്ടുകാരെ പൊലീസ് ചോദ്യം ചെയ്യുന്നുവെന്നും തന്റെ നിരപരാധിത്വം തെളിയിക്കണം എന്നും ആവശ്യപ്പെട്ടാണ് രണ്ടാം തവണ അവധി എടുത്തത്. പിന്നീട് തിരിച്ചുപോയതുമില്ല. ശബരിമലയ്ക്ക് പോകാനെന്ന് പറഞ്ഞ് രാജേഷ് താടി നീട്ടിവളര്‍ത്താനുള്ള അനുമതി മേലുദ്യോഗസ്ഥരില്‍നിന്ന് വാങ്ങിയിരുന്നു. എന്നാല്‍ ഇയാള്‍ ശബരിമലയ്ക്ക് പോയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. ആള്‍മാറാട്ടം നടത്തി രക്ഷപ്പെടാനാണ് താടി നീട്ടിവളര്‍ത്തിയതെന്നും മനസിലായി. പ്രതികള്‍ നടത്തിയ കൃത്യമായ ആസൂത്രണവും ഗൃഹപാഠവുമാണ് 18 വര്‍ഷം സുഖിച്ചു ജീവിക്കാന്‍ അവരെ സഹായിച്ചത്. പക്ഷേ മൂന്നാം കണ്ണില്‍നിന്നു രക്ഷപ്പെടാന്‍ ഇവര്‍ക്കായില്ല. പ്രതികള്‍ അവശേഷിപ്പിച്ചഏതോ ഒരു തരിമ്പില്നിന്ന് ആ വലിയ കുറ്റകൃത്യത്തിന്റെ ചുരുളഴിയുകയായിരുന്നു.
Discussion about this post