കേന്ദ്രസർക്കാരിനു കീഴിലുള്ള വി ദ്യാലയങ്ങളിൽ അഞ്ച്, എട്ട് ക്ലാസുകളിൽ എല്ലാവരെയും പാസാക്കുന്ന നയം നിർത്തലാക്കി. വാർഷിക പരീക്ഷയിൽ തോറ്റാലും ഉയർന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകുന്ന നയമാണ് കേന്ദ്രം നിർത്തലാക്കിയത്. വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിൻ്റെ ഭാഗമായാണ് നടപടിയെന്നാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.
2019ലെ വിദ്യാഭ്യാസ അവകാശ നിയമത്തിൽ (ആർ.ടി.ഇ.) ഭേദഗതി വരുത്തിയാണ് കേന്ദ്രസർക്കാരിന്റെ നടപടി. കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ സ്കൂളുകൾ, സൈനിക് സ്കൂളുകൾ എന്നിവയുൾപ്പെടെ കേന്ദ്ര സർക്കാർ നടത്തുന്ന 3,000ത്തിൽ അധികം സ്കൂളുകൾക്കാകും പുതിയ നിയമം ബാധകമാകുക.
അഞ്ചിലും എട്ടിലും പരാജയപ്പെടുന്ന വിദ്യാർഥികൾ വീണ്ടും പരീക്ഷ എഴുതേണ്ടിവരും. ഇവർ ക്ക് ‘സേ’ പരീക്ഷാ മാതൃകയിൽ രണ്ടുമാസത്തിനുള്ളിൽ അവസരം നൽകും. ഇതിലും പരാജയപ്പെട്ടാൽ ഇവർ തോറ്റതായി കണക്കാക്കി വീണ്ടും അതേ ക്ലാസിൽ ഇരുത്തും. എങ്കിലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ ഒരു വി ദ്യാർഥിയെയും പുറത്താക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
സ്കൂൾ വിദ്യാഭ്യാസം സംസ്ഥാന സർക്കാരിൻ്റെ പരിധിയിൽ വരുന്ന കാര്യമായതിനാൽ സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ അവകാശമുണ്ട്. ഇതിനകം കേരളം ഒഴികെ 16 സംസ്ഥാനങ്ങളും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളും മാർക്ക് പരിഗണിക്കാതെയുള്ള സ്ഥാനക്കയറ്റം നിർത്തലാക്കിയിട്ടുണ്ട്.
Discussion about this post