ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കൈപൊള്ളിയ അനുഭവ പാഠം ഉള്‍ക്കൊണ്ട് സര്‍ക്കാരും മുഖ്യമന്ത്രിയും. രജിസ്ട്രേഷന് നടത്താതെ എത്തുന്നവര്‍ക്കും ശബരിമലയില്‍ പ്രവേശനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പറഞ്ഞു. സ്പോട്ട് ബുക്കിംഗ് സംവിധാനം പൂര്‍ണമായി ഒഴിവാക്കാനുള്ള തീരുമാനത്തില്‍നിന്നും പിന്‍വാങ്ങിയതോടെ ശബരിമലയെ വീണ്ടും സമരഭൂമിയാക്കാനുള്ള ശ്രമങ്ങള്ക്കുകൂടിയാണ് സര്‍ക്കാര്‍ തടയിട്ടിരിക്കുന്നത്.
രജിസ്ട്രേഷന് നടത്താതെ വരുന്നവര്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ ദര്‍ശനം ഉറപ്പുവരുത്തിയിരുന്നുവെന്നും വി ജോയി എം.എല്‍.എയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ശബരിമല മണ്ഡലമകര വിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും തീര്‍ത്ഥാടനം സുമഗമമാക്കാനുമുള്ള നടപടികളുടെയും ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലും ദേവസ്വം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പൊലീസ്, ജില്ലാ ഭരണകൂടം എന്നിവരുമായി യോഗങ്ങള്‍ ചേര്‍ന്ന് വിശദമായ ആസൂത്രണം നടത്തിയിരുന്നു. തീര്‍ഥാടനത്തിനെത്തുന്ന എല്ലാവര്ക്കും സന്നിധാനത്തും പമ്പയിലും ഇടത്താവളങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പൊലീസ്, വനം, ആരോഗ്യം, പൊതുമരാമത്ത്, ഫയര്‍ ആന്‍ഡ് റസ്ക്യൂ, ലീഗല്‍ മെട്രോളജി, ദുരന്തനിവാരണം, ഭക്ഷ്യ പൊതുവിതരണം, ഇറിഗേഷന്‍, കെഎസ്ഇബി, കെഎസ്ആര്‍ടിസി, ബിഎസ്എന്‍എല്‍, വാട്ടര്‍ അതോറിട്ടി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ വകുപ്പുകളും സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post