പി.വി.അന്‍വറിന്റെ മാപ്പ് സ്വീകരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിയമസഭയില്‍ വി.ഡി.സതീശനെതിരേ 150 കോടി കടത്തിയെന്ന ആരോപണമുന്നയിച്ചത് പി.ശശി പറഞ്ഞിട്ടാണെന്ന് അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ വി.ഡി.സതീശനോട് അന്‍വര്‍ മാപ്പ് ചോദിക്കുകയും ചെയ്തു. ഇതിനുപിന്നാലെയായിരുന്നു അന്‍വറിന്റെ മാപ്പ് സ്വീകരിച്ചതായി വി.ഡി.സതീശന്‍ പ്രതികരിച്ചത്.
അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് അന്‍വര്‍ തെറ്റായ ആരോപണം ഉന്നയിച്ചതെന്ന് അന്നേ പറഞ്ഞു. അപ്പോള്‍ അവരെല്ലാം ചിരിച്ചു. മുഖ്യമന്ത്രി അറിയാതെ എം.എല്‍.എയ്ക്ക് ആരോപണം ഉന്നയിക്കാനാകില്ല. നിങ്ങളെ ഓര്‍ത്ത് കരയണോ ചിരിക്കണോ എന്നാണ് അന്ന് ഞാന്‍ ചോദിച്ചത്. അന്‍വറിന്റെ വെളിപ്പെടുത്തലോടെ അന്നത്തെ ആരോപണം മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപകസംഘത്തിന്റെയും ഗൂഢാലോചനയാണെന്ന് വ്യക്തമായി. മുഖ്യമന്ത്രിക്കെതിരായ ആരോപണം പ്രതിരോധിക്കാന്‍ പ്രതിപക്ഷനേതാവിനെതിരേ ആരോപണം കെട്ടിച്ചമയ്ക്കുകയായിരുന്നെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അന്‍വറിന്റെ തീരുമാനം അറിഞ്ഞിരുന്നില്ലെന്നും സര്‍പ്രൈസ് ആയെന്നും ഉപതിരഞ്ഞെടുപ്പ് ആസന്നമായെന്നും ഇനി തീരുമാനം യു.ഡി.എഫ്. കൈക്കൊള്ളുമെന്നും മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. അന്‍വറിന്റെ രാഷ്ട്രീയ നീക്കത്തിന് ലീഗിന്റെ നിര്‍ദേശമൊന്നുമുണ്ടായിരുന്നില്ല. ഇന്നലെയാണ് അന്‍വറിന്റെ വാര്‍ത്താസമ്മേളനത്തിന്റെ കാര്യം പോലും ചാനലിലൂടെ അറിഞ്ഞത്. ഇനി യു.ഡി.എഫ്. എന്ത് തീരുമാനമെടുക്കുന്നോ ആ തീരുമാനത്തിനൊപ്പം ലീഗ് നിക്കും. അന്‍വര്‍ ലീഗിനെ പുകഴ്ത്തിയല്ലോ, സന്തോഷമുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നിങ്ങളെ ആരെങ്കിലും പുകഴ്ത്തിയാല്‍ സന്തോഷമുണ്ടാവില്ലെയെന്നും ആര് നല്ലത് പറഞ്ഞാലും സന്തോഷമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Discussion about this post