തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും ഈ ആരോപണങ്ങളെല്ലാം തന്നെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നും അല്ലു അർജുൻ. ഏറ്റവും പുതിയ ചിത്രമായ പുഷ്പ-2 പ്രദർശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ രാഷ്ട്രീയ നേതാക്കളുടെ ആരോപണങ്ങൾക്ക് മറുപടി പറയവേയാണ് അല്ലു അർജുൻ ഇക്കാര്യം പറഞ്ഞത്.
ആരോപങ്ങളെല്ലാം വ്യക്തിഹത്യയാണ്. അപമാനിക്കപ്പെടുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്. ദയവായി നിങ്ങൾ എന്നെ വിലയിരുത്തരുത്. അന്ന് സംഭവിച്ച കാര്യത്തിൽ ഞാൻ വീണ്ടും മാപ്പ് ചോദിക്കുന്നു. അല്ലു അർജുൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
തിയേറ്റർ മാനേജ്‌മെന്റ്റാണ് അനുവാദം വാങ്ങിയത്. പൊലീസ് വഴിയൊരുക്കിയതോടെയാണ് ഞാൻ അകത്തേക്ക് പ്രവേശിച്ചത്. ഞാൻ നിയമം അനുസരിക്കുന്ന പൗരനാണ്. അനുമതിയില്ലെന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ തിരിച്ചുപോകുമായിരുന്നു. ഞാനൊരു റോഡ് ഷോയും നടത്തിയിട്ടില്ല. ഒരു പൊലീസുകാരനും എന്നോട് അവിടെ നിന്ന് പോകാൻ പറഞ്ഞിട്ടില്ല. നിയന്ത്രിക്കാൻ കഴിയാത്തത്ര ആൾക്കൂട്ടമുണ്ടെന്നും അവിടെ നിന്ന് പോകണമെന്നും എന്നോട് എന്റെ മാനേജറാണ് പറഞ്ഞത്. അല്ലു അർജുൻ വിശദീകരിക്കുന്നു.
പൊലീസ് അനുമതി നിഷേധിച്ചിട്ടും ഡിസംബർ നാലിന് സന്ധ്യ തിയേറ്ററിൽ നടന്ന പുഷ്പ-2 എന്ന ചിത്രത്തിൻ്റെ പ്രീമിയർ ഷോയിൽ അല്ലു അർജുൻ പങ്കെടുക്കുകയായിരുന്നുവെന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ആരോപണത്തിന് പിന്നാലെയാണ് നടന്റെ പ്രതികരണം. അപ്രതീക്ഷിതമായി അല്ലു അർജുൻ തിയേറ്ററിലെത്തിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 വയസുള്ള യുവതി മരിച്ചിരുന്നു. ഇവരുടെ എട്ട് വയസുകാരനായ മകന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതായി വാർത്തകൾ വന്നിരുന്നു.
Discussion about this post