സിനിമാഭിനയത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകാത്ത സാഹചര്യത്തിൽ താടി ഒഴിവാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘ഒറ്റക്കൊമ്പൻ’ സിനിമ ഉടൻ യാഥാർഥ്യമാകില്ലെന്ന സ്ഥിതിയിലാണ് ഈ രൂപമാറ്റം. താടിയില്ലാത്ത ചിത്രം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചുകൊണ്ട് ‘മാറ്റമില്ലാത്തത് മാറ്റത്തിനാണ്’ എന്ന് അദ്ദേഹം കുറിച്ചു.
കേന്ദ്രമന്ത്രിക്ക് പ്രതിഫലം വാങ്ങിയുള്ള മറ്റൊരു ജോലിക്ക് നിയമതടസമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിനയത്തിനുള്ള അനുമതി വൈകുന്നതെന്നാണ് സൂചന. സെപ്റ്റംബറിൽ അനുമതി കിട്ടുമെന്നായിരുന്നു പ്രതീക്ഷ.
സിനിമയുടെ പ്രധാനപ്പെട്ട രംഗങ്ങൾ പാലായിലെ കുരിശുപള്ളി മാതാവിന്റെ പെരുന്നാളിലാണ് ചിത്രീകരിക്കേണ്ടത്. ഡിസംബർ ഏഴ്, എട്ട് തീയതികളിലാണ് പെരുന്നാൾ. സിനിമയുടെ ആദ്യഭാഗം കഴിഞ്ഞവർഷത്തെ പെരുന്നാൾ ദിനങ്ങളിൽ ചിത്രീകരിച്ചിരുന്നു.
ഇറ്റലിയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ ഇന്ത്യൻ സംഘത്തിൽ അംഗമാണ് സുരേഷ് ഗോപി. തിരിച്ചെത്തിയാലുടൻ പാർലമെന്റ് സമ്മേളനം തുടങ്ങും. സമ്മേളനം ഡിസംബർ പകുതിയോടെയേ അവസാനിക്കൂ. അതിനാൽ, പെരുന്നാളിനോടനുബന്ധിച്ചുള്ള ഷൂട്ടിങ്ങിന് ഒരുവർഷംകൂടി കാത്തിരിക്കണം എന്നതാണ് സ്ഥിതി. ഇതും താടി ഉപേക്ഷിക്കാൻ കാരണമായെന്ന് പറയുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന്റെ ഹൈലൈറ്റാണ് താടിയെന്ന് നടൻ തന്നെ പറഞ്ഞിരുന്നു.
Discussion about this post