അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരുടെ ആദ്യസംഘം അമൃത്സറിലെത്തിയതിന് പിന്നാലെ വിവാദം. അമേരിക്കൻ സൈനിക വിമാനത്തിൽ മടങ്ങി എത്തിയവരെ വിലങ്ങുവച്ചാണ് കൊണ്ടുവന്നതെന്നതാണ് വിവാദത്തിന് കാരണമായത്. ഇതിനെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാൽ വിലങ്ങു വച്ച് വിമാനത്തി കയറ്റിയതായുള്ള ചില ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ഈ ചിത്രങ്ങൾ പ്രചരിച്ചതിന് പിന്നാലെ ഇത് അപമാനകരമെന്ന് വ്യക്തമാക്കി പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഇന്ത്യാക്കാരെ വിമാനത്തിൽ വിലങ്ങ് വച്ചാണോ കൊണ്ടുവന്നതെന്ന് കാര്യത്തിൽ കേന്ദ്ര സർക്കാരാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും കേന്ദ്രം മറുപടി പറയണമെന്നുമാണ് കോൺഗ്രസിന്റെ ആവശ്യം. പതിനെണ്ണായിരം ഇന്ത്യക്കാരെ തിരിച്ചയക്കും എന്ന് അമേരിക്ക പ്രഖ്യാപിച്ചിരിക്കെ പാർലമെൻ്റിലടക്കം സർക്കാരിനെതിരെ പ്രതിപക്ഷം ഇക്കാര്യം ആയുധമാക്കാനാണ് സാധ്യത.
2013-ൽ ഇന്ത്യൻ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയോട് മോശമായി പെരുമാറിയതിനെതിരേ അന്നത്തെ യു.പി.എ. സർക്കാർ ശക്തമായി പ്രതികരിച്ചതിനാൽ അമേരിക്ക ഖേദം പ്രകടിപ്പിച്ചതായി കോൺഗ്രസ് മാധ്യമവിഭാഗം മേധാവി പവൻ ഖേര പറഞ്ഞു.
എന്നാലിത് ആദ്യത്തെ സംഭവമല്ലെന്നും ബൈഡന്റെ കീഴിലും സമാന സംഭവമുണ്ടായിട്ടുണ്ടെന്നും കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ പറഞ്ഞു.
ബൈഡന്റെകീഴിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (സെപ്റ്റംബർ അവസാനിക്കുന്ന സമയം) 1100 ഇന്ത്യക്കാരെ നാടുകടത്തിയിരുന്നതായി തരൂർ പറഞ്ഞു. 2022-ലെ കണക്കനുസരിച്ച് യു.എസിൽ രേഖകളില്ലാത്ത 7,25,000 ഇന്ത്യൻ കുടിയേറ്റക്കാരുണ്ട്. 2020 ഒക്ടോബർമുതൽ അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ച ഏകദേശം 1,70,000 ഇന്ത്യൻ കുടിയേറ്റക്കാരെ യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അവരെല്ലാം നാടുകടത്തലിന് വിധേയരായതായും തരൂർ പറഞ്ഞു.
Discussion about this post