പത്തനംതിട്ടയിൽ നഴ്സിങ് വിദ്യാർഥി അമ്മു സജീവന്റെ മരണത്തിൽ അറസ്റ്റിലായ മൂന്ന് വിദ്യാർഥികളെയും വീണ്ടും റിമാൻഡിൽ വിട്ടു. അഞ്ജന മധു, അലീന ദിലീപ്, എ ടി അക്ഷിത എന്നിവരെയാണ് 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. രണ്ടുദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് ഇന്ന് രാവിലെ 11നാണ് പ്രതികളെ പത്തനംതിട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയത്. ജാമ്യം ലഭിച്ചാൽ പ്രതികൾ അന്വേഷണം അട്ടിമറിക്കും എന്ന് പൊലീസ് കോടതിയെ അറിയിച്ചു.
അറസ്റ്റിലായ മൂന്ന് പെൺകുട്ടികൾക്കെതിരെ അമ്മു സജീവന്റെ മരണത്തിൽ കുടുംബം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. നിരന്തരമായ മാനസിക പീഡനം ഇവരിൽ നിന്ന് അമ്മു നേരിട്ടെന്നായിരുന്നു ആരോപണം. വിദ്യാർഥിയുടെ ആത്മഹത്യക്ക് മുൻപ് മൂവർക്കുമെതിരെ പിതാവ് പ്രിൻസിപ്പാളിന് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പാൾ മൂവർക്കുമെതിരെ മെമ്മോ നൽകിയതും അന്വേഷണത്തിൽ നിർണായകമായി.
മൂന്ന് പേരുടെയും മൊബൈൽ ഫോണുകൾ ഉൾപ്പെടെ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്കും അയച്ചിട്ടുണ്ട്.
Discussion about this post