പ്ലസ് വൺ കണക്ക്, പത്താം ക്ലാസ് ഇംഗ്ലീഷ് അർധവാർഷിക പരീക്ഷകളുടെ ചോദ്യങ്ങൾ പരീക്ഷയ്ക്കുമുമ്പ് യു ട്യൂബ് ചാനലിലൂടെ പുറത്തുവന്ന സംഭവത്തിൽ കടുത്ത നടപടിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ്. സംഭവത്തിൽ മന്ത്രി വിശിവൻകുട്ടിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച ഉന്നതതല യോഗം വിളിച്ചു. ഈ യോഗത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, പരീക്ഷാ സെക്രട്ടറി, ഹയർസെക്കൻഡറി പരീക്ഷയുടെ ചുമതലയുള്ള സെക്രട്ടറി എന്നിവർ പങ്കെടുക്കും.
സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡി.ജി.പിക്കും വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. ചോദ്യപേപ്പർ പ്രത്യക്ഷപ്പെട്ട യു ട്യൂബ് ചാനലിനെതിരെ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറും പൊലീസിന് പരാതി നൽകി.
ഹയർസെക്കൻഡറി അർധവാർഷിക പരീക്ഷകളുടെ ചോദ്യപേപ്പർ സംസ്ഥാനത്തിനുപുറത്തുള്ള രഹസ്യകേന്ദ്രങ്ങളിൽ പ്രിൻ്റ് ചെയ്ത് ജില്ലാ കേന്ദ്രങ്ങളിൽ എത്തിക്കുന്നതാണ് പതിവ്. അവിടെനിന്ന് പ്രിൻസിപ്പൽമാർ ശേഖരിക്കും. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ ചോദ്യപേപ്പറുകൾ വിവിധ ഡയറ്റ് (ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ്) ആണ് തയാറാക്കുന്നത്. പ്രസിൽനിന്ന് വിവിധ ബി.ആർ.സികളിലും അവിടെനിന്ന് സ്കൂളുകളിലും എത്തിക്കും. ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലേക്കുള്ള ചോദ്യപേപ്പർ എസ്.എസ്.കെ ശിൽപ്പശാലയിലാണ് തയാറാക്കുന്നത്.
പാദവാർഷിക, അർധവാർഷിക പരീക്ഷകളുടെ ചോദ്യപേപ്പറുകൾ തയാറാക്കുമ്പോൾ പൊതുപരീക്ഷയുടെ നടപടിക്രമങ്ങൾ സ്വീകരിക്കാറില്ല. ഇത്തരം പരീക്ഷകളുടെ ഫലം നിർണായകവുമല്ല. എങ്കിലും നിലവിലെ സംഭവങ്ങളെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്.
Discussion about this post