ബഹിരാകാശ രംഗത്ത് പുതിയ ചരിത്രമെഴുതി ഐ.എസ്.ആർ.ഒയും ഇന്ത്യയും. രാജ്യത്തിന്റെ അഭിമാനമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുള്ള 100-ാം വിക്ഷേപണ ദൗത്യം ഇസ്റോ വിജയത്തിലെത്തിച്ചു. ഇന്ന് രാവിലെ 6.23ന് രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് കുതിച്ചുയർന്ന ജി.എസ്.എൽ.വി-എഫ്15 റോക്കറ്റ് രണ്ടാംതലമുറ ഗതിനിർണായ ഉപഗ്രഹമായ എൻ.വി.എസ്-2 വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചു. ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ സംവിധാനമായ നാവിക് ശൃംഖലയുടെ ഭാഗമാണ് എൻ.വി.എസ്-02 സാറ്റലൈറ്റ്. മലയാളിയായ തോമസ് കുര്യനായിരുന്നു GSLV-F15/NVS-02 മിഷൻ ഡയറക്ടർ.
1979ലാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇസ്രോ ആദ്യ വിക്ഷേപണം നടത്തിയത്. കന്നി ദൗത്യ സ്വപ്നങ്ങൾ 317-ാം സെക്കൻഡിൽ ബംഗാൾ ഉൾക്കടലിൽ വീണ് തകർന്നു. പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് കുതിച്ച ഐ.എസ്.ആർ.ഒ. നാല് വീതം എസ്.എൽ.വി-3, എ.എസ്.എൽ.വി. വിക്ഷേപണങ്ങളും, 62 പി.എസ്.എൽ.വി. വിക്ഷേപണങ്ങളും 17 ജി .എസ്.എൽ.വി., എൽ.വി.എം-3 വിക്ഷേപണങ്ങളും, മൂന്ന് എസ്.എസ്.എൽ.വി വിക്ഷേപണങ്ങളും, ഓരോ ആർ.എൽ.വി. ഹെക്സ്, ടെസ്റ്റ് വെഹിക്കിൾ (ടിവി ഡി1), പാറ്റ് വിക്ഷേപണങ്ങളും ശ്രീഹരിക്കോട്ടയിൽ നടത്തി വിജയഗാഥ രചിച്ചു.
ഗതിനിർണയ രംഗത്ത് അമേരിക്കയുടെ ജി.പി.എസിന് കനത്ത വെല്ലുവിളി സൃഷ്ടിക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക നാവിഗേഷൻ സംവിധാനമാണ് ‘നാവിക്’ ( NaVIC). നാവിക് സിഗ്നലുകൾ പൊതുജനങ്ങൾക്ക് മൊബൈൽ ഫോണിൽ ലഭ്യമാക്കാൻ കഴിയുന്ന എൽ1 ബാൻഡിലുള്ള ഏഴ് നാവിഗേഷൻ സാറ്റ്ലൈറ്റുകളാണ് ഇസ്സൊ വിക്ഷേപിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ഏഴെണ്ണത്തിൽ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഇന്നത്തോടെ പൂർത്തിയായി. അമേരിക്കയുടെ ജിപിഎസിനെയും, റഷ്യയുടെ ഗ്ളാനോസിനെയും, ചൈനയുടെ ബേദൗയെയും, യൂറോപ്യൻ യൂണിയന്റെ ഗലീലിയെയും വെല്ലുന്ന നാവിഗേഷൻ സംവിധാനമാണ് ഐഎസ്ആർഒ അണിയിച്ചൊരുക്കുന്ന നാവിക്.
Discussion about this post