ആഡംബര കാറുകളുടെ റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. കാർ ഓടിച്ച യുവാവിനെയും ഒപ്പമുണ്ടായിരുന്ന ആളെയുമാണ് ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. വാഹനമോടിച്ചയാൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ ആറരയോടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ വടകര കടമേരി സ്വദേശി ആൽവിൻ സ്വകാര്യ ആശുപത്രിയിൽ ഉച്ചയോടെയാണ് മരിച്ചത്. അപകടത്തിന് കാരണമായ വാഹനം ഏതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. രണ്ടുവാഹനങ്ങളും കസ്റ്റഡിയിലെടുത്ത പൊലീസിന് വാഹനം ആരുടേതാണെന്നും ഉറപ്പിക്കാനായില്ല. രാത്രി വെള്ളയിൽ സ്റ്റേഷനിലെത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇരുവാഹനങ്ങളും പരിശോധിച്ചു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും പുറത്തുവിട്ടിട്ടില്ല.
കേസിൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ കാർ ഡീറ്റെയിലിങ് സ്ഥാപന ഉടമകൾ ആസൂത്രിത നീക്കം നടത്തിയെന്ന് പറയുന്നു. യുവഛായാഗ്രാഹകനും പ്രൊമോഷനൽ വീഡിയോ നിർമ്മാതാവുമായ വടകര കടമേരി സ്വദേശി ആൽവിന്റെ മരണം സ്ഥിരീകരിച്ചതോടെ അപകടമുണ്ടാക്കിയ കാറിന്റെ വിവരം മറച്ചുവക്കാനുള്ള നീക്കമാണ് നടന്നത്.
പൊലീസ് രജിസ്റ്റർ ചെയ്‌ത എഫ്.ഐ.ആറിൽ കേരള രജിസ്ട്രേഷനുള്ള ആഡംബരകാറിന്റെ നമ്പറാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, ഈ വാഹനത്തിനൊപ്പം ഉണ്ടായിരുന്ന തെലങ്കാന രജിസ്ട്രേഷൻ കാറാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസിന് സംശയമുണ്ടായി. തുടർന്നാണ് കോഴിക്കോട് ആർ.ടി.ഒ. പി.എ. നസീറും എൻഫോഴ്സസ്മെൻ്റ് ആർ.ടി.ഒ. സി.എസ്. സന്തോഷ് കുമാറും സ്റ്റേഷനിലെത്തി ചിത്രീകരണത്തിൽ ഏർപ്പെട്ട രണ്ട് കാറുകളും പരിശോധിച്ചത്.
ഇതിൽ തെലങ്കാന രജിസ്ട്രേഷൻ കാറിൻ്റെ മുൻവശത്തെ ക്രാഷ്‌ഗാർഡിലും ബോണറ്റിലും അപകടമുണ്ടാക്കിയതിന്റെ തെളിവുകൾ കണ്ടെത്തി. ഇതിനിടെ വെള്ളയിൽ പൊലീസ് സ്റ്റേഷന്റെ വടക്കുഭാഗത്തുള്ള ചെരുപ്പ് മൊത്തവിൽപ്പന കേന്ദ്രത്തിലെ സി.സി.ടി.വി.യിൽ നിന്ന് തെലങ്കാന രജിസ്ട്രേഷൻ കാർ ആൽവിനെ ഇടിച്ചു തെറിപ്പിക്കുന്നതിൻ്റെ ദൃശ്യങ്ങൾ ലഭിച്ചു. തുടർന്നാണ് ഡ്രൈവറെ അറസ്റ്റു ചെയ്യാനുള്ള നടപടികളിലേക്ക് പൊലീസ് കടന്നത്.
എഫ്.ഐ.ആറിലുള്ള കാറിൻ്റെ വിവരം മാറ്റി മറ്റൊരു കാറാണ് അപകടമുണ്ടാക്കിയതെന്ന് അന്വേഷണത്തിൽ വ്യക്തമായെന്നുള്ള അനക്സ് റിപ്പോർട്ട് ഫയൽചെയ്യുമെന്ന് അസി. കമ്മിഷണർ ടി. കെ. അഷ്റഫ് പറഞ്ഞു. തെലങ്കാന കാറിന് ഇൻഷുറൻസും റോഡ് നികുതിയും ഇല്ലെന്നും ഇത് സംബന്ധിച്ച് ബുധനാഴ്‌ച ട്രാൻസ്പോർട്ട് കമ്മിഷണർക്ക് റിപ്പോർട്ട് നൽകുമെന്നും ആർ.ടി.ഒ. അറിയിച്ചു.
Discussion about this post