സഞ്ചാരികൾ തമ്മിലുള്ള സംഘർഷത്തിൽ ഇടപെട്ട ആദിവാസി യുവാവിനെ കാറിൽ റോഡിലുടെ വലിച്ചിഴച്ചു. വയനാട്ടിലെ മാനന്തവാടി പയ്യമ്പള്ളി കൂടൽക്കടവ് ചെമ്മാട് ഉന്നതിയിലെ മാതനാണ്(49) ക്രൂരതയ്ക്ക് ഇരയായത്. പരിക്കേറ്റ ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു. സംഭവത്തിൽ പ്രതികൾക്കെതിരേ വധശ്രമത്തിന് കേസെടുത്തു. കാർ കസ്റ്റഡിയിലെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കർശന നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പിക്ക് നിർദേശം നൽകി. മന്ത്രി ഒ.ആർ.കേളുവും വിഷയത്തിൽ ഇടപെട്ടു.
ഞായർ വൈകിട്ട് 5.30ഓടെ കൂടൽക്കടവ് ചെക്ക് ഡാമിന് സമീപത്തായിരുന്നു സംഭവം. ഡാം കാണാനെത്തിയ രണ്ട് സംഘങ്ങൾ സംഘർഷമുണ്ടാക്കി. അസഭ്യം പറഞ്ഞ് ബഹളം വച്ചതോടെ സംഭവം അന്വേഷിച്ച മാതനു നേരെ ഒരുസംഘം തിരിഞ്ഞു. കാറിൻ്റെ ഡോറിനടുത്തുനിന്ന മാതന്റെ കൈപിടിച്ച് വേഗത്തിൽ ഓടിച്ചുപോയി. 200 മീറ്ററോളം വലിച്ചിഴച്ചു. നാട്ടുകാർ വാഹനത്തിൽ പിന്തുടർന്ന് ബഹളം വച്ചതോടെ മാതനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. നാട്ടുകാർ പകർത്തിയ ദൃശ്യങ്ങളിലൂടെയാണ് ക്രൂരത പുറത്തറിഞ്ഞത്. നാട്ടുകാരാണ് മാതനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Discussion about this post