എ.ഡി.ജി.പി. എം.ആർ.അജിത്കുമാറിന് ക്ലീൻചിറ്റ് നൽകിക്കൊണ്ടുള്ള വിജിലൻസിൻ്റെ അന്തിമ റിപ്പോർട്ട് ഉടൻ ഡി.ജി.പിക്ക് കൈമാറും. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് എ.ഡി.ജി.പിക്ക് അനുകൂലമായ അന്വേഷണ റിപ്പോർട്ട്.
കോടികൾ മുടക്കി കവടിയാർ കൊട്ടാരത്തിന് സമീപം ആഢംബര ബംഗ്ലാവ് നിർമിക്കുന്നു, കരിപ്പൂർ സ്വർണക്കടത്ത് ഉൾപ്പെടെ പി.വി.അൻവർ എം.എൽ.എ. ഉയർത്തിയ നിരവധി ആരോപണങ്ങളിൽ മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ക്ലീൻ ചിറ്റ് നൽകുന്നത്. എന്നാൽ എസ്.ബി.ഐയിൽ നിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്താണ് വീട് നിർമാണമെന്നാണ് കണ്ടെത്തൽ. വീട് നിർമാണം യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വിജിലൻസിന്റെ റിപ്പോർട്ടിൽ ഉള്ളതായി പറയുന്നു.
കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളിൽ ഇരട്ടിവിലക്ക് മറിച്ചു വിറ്റു എന്നും ഇതിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്നും മറ്റൊരു പരാതിയുണ്ടായിരുന്നു. 2009 ലാണ് കോണ്ടൂർ ബിൽഡേഴ്സുമായി ഫ്ലാറ്റ് വാങ്ങാൻ 37 ലക്ഷം രൂപക്ക് കരാർ ഒപ്പിടുന്നത്. ഇതിനായി 25 ലക്ഷം രൂപ വായ്പയെടുത്തു. 2013 ൽ കമ്പനി ഫ്ലാറ്റ് കൈമാറി. പക്ഷെ സ്വന്തം പേരിലേക്ക് ഫ്ലാറ്റ് രജിസ്റ്റർ ചെയ്യാൻ വൈകി എന്നാണ് ഈ ആരോപണത്തിൽ വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. നാല് വർഷം താമസിച്ച ശേഷം 65 ലക്ഷം രൂപക്ക് ഫ്ലാറ്റ് വിൽക്കുന്നത് 2016ലാണ്. വിൽപ്പനക്ക് പത്ത് ദിവസം മുമ്പ്, നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സ്വന്തം പേരിലേക്ക് രജിസ്റ്റർ ചെയ്യുകയായിരുന്നു. എട്ട് വർഷം കൊണ്ടുണ്ടായ മൂല്യവർധനയാണ് വീടിന്റെ വിലയിൽ ഉണ്ടായതെന്നാണ് വിജിലൻസ് വിലയിരുത്തൽ. സർക്കാരിനെ അറിയിക്കുന്നതടക്കം എല്ലാ നടപടിക്രമങ്ങളും ഇതിലും പാലിച്ചിട്ടുണ്ട്.
കസ്റ്റംസിലെ ചിലരുടെ സഹായത്തോടെ കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ് പി ആയിരുന്ന സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിൻ്റെ വിഹിതം അജിത് കുമാറിന് ലഭിച്ചു എന്ന ആരോപണത്തിൽ ക്ലീൻചിറ്റ് മാത്രമല്ല സുജിത് ദാസിൻ്റെ കാലയളവിലാണ് ഏറ്റവും കൂടുതൽ കള്ളക്കടത്ത് സ്വർണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളിൽ പ്രതി ചേർത്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
തൃശൂർ പൂരം അട്ടിമറിയിലെ അന്വേഷണം അജിത് കുമാറിനെതിരെ ഇനി നിലവിലുണ്ട്.
മറ്റു കാര്യങ്ങളിലുള്ള അന്തിമ റിപ്പോർട്ട് അന്വേഷണ സംഘം രണ്ടാഴ്ചക്കകം ഡി.ജി.പിക്ക് കൈമാറും.
Discussion about this post