ദേശീയപാതയിൽ ആലപ്പുഴ കളർകോട് ചങ്ങനാശേരി ജങ്ഷന് വടക്ക് കെ.എസ്.ആർ.ടി.സി ബസിൽ കാറിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥികളായ ദേവനന്ദൻ (മലപ്പുറം), ശ്രീദീപ് (പാലക്കാട്), മുഹമ്മദ് ജബ്ബാർ (കണ്ണൂർ) ആയുഷ് ഷാജി (ആലപ്പുഴ), മുഹമ്മദ് ഇബ്രാഹിം (ലക്ഷദ്വീപ്) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ വിദ്യാർഥികളായ കൃഷ്ണദേവ് (ചേർത്തല), ആനന്ദ് (കൊല്ലം), ആൽവിൻ (എടത്വാ), മുഫ്സിൻ (കൊല്ലം), ഗൗരിശങ്കർ (തൃപ്പൂണിത്തുറ) എന്നിവർ അപകടനില തരണം ചെയ്തെന്ന് ആശുപത്രിയിൽനിന്ന് അറിയിച്ചു. ഫെയ്ൻഡെൻസൺ നിസാര പരിക്കോടെ രക്ഷപ്പെട്ടു.
തിങ്കളാഴ്ച രാത്രി 9.30നായിരുന്നു അപകടം. ഗുരുവായൂരിൽനിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലേക്ക് ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കെ.എസ്.ആർ.ടി.സി ബസ് യാത്രികർക്കും പരിക്കുണ്ട്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലെ യാത്രക്കാരായ ഷീബ (40), ബിയ (26), ബിനോജ് (50), അബ്ദുൾ ഗഫൂർ (60) എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിൻ്റെ അമിതവേഗമാണ് അപകടകാരണമെന്ന് ബസ് ജീവനക്കാർ പറയുന്നു. കാർ പൂർണമായി തകർന്നു. പ്രദേശത്ത് കനത്തമഴയായായിരുന്നു.
വാഹനാപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ച സംഭവം അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മരിച്ചവരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതായും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് എത്തിച്ച് പൊതുദർശനത്തിന് വച്ചു. ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി പി പ്രസാദ് എന്നിവർ അന്ത്യോപചാരമർപ്പിച്ചു.
Discussion about this post