യാതൊരു സംശയത്തിനോ ആശയക്കുഴപ്പത്തിനോ ഇടനൽകാതെ തൻ്റെ പുതിയ പാർട്ടിയുടെ നയം പ്രഖ്യാപിച്ച് നടൻ വിജയ്. സാമൂഹ്യനീതിയും മതേതരത്വവുമാണ് തൻ്റെ പാർട്ടിയായ തമിഴക വെട്രികഴകത്തിൻ്റെ ലക്ഷ്യമെന്ന് വിജയ് പറഞ്ഞു.തമിഴക വെട്രികഴകം സമത്വത്തിലൂന്നിയാണ് പ്രവർത്തിക്കുകയെന്നും വിജയ് കൂട്ടി ചേർത്തു. ടി.വി.കെയുടെ ആദ്യ സംസ്ഥാന സമ്മേളനവേദിയിൽ സംസാരിക്കുകയായിരുന്നു വിജയ്. വില്ലുപുരത്തെ വിക്രപാണ്ടിയിലായിരുന്നു പാർടിയുടെ ആദ്യ സമ്മേളനം. വൻ ജനാവലി സമ്മേളനത്തിൽ പങ്കെടുത്തു. പാർടിയുടെ നയവും പ്രത്യയ ശാസ്ത്രവും സമ്മേളന വേദിയിൽ പ്രഖ്യാപിച്ചു.
രാഷ്ട്രീയത്തിലെ തുടക്കക്കാരന്റെ യാതൊരു പരിഭ്രമങ്ങളുമില്ലാത്തതായിരുന്നു വിജയയുടെ പ്രസംഗം. പറയുന്ന കാര്യങ്ങൾ ഓരോന്നിനും ആവശ്യമായ വിശദീകരണം നൽകി, പിന്നീട് ഉയർന്നേക്കാവുന്ന ചോദ്യങ്ങളെ മുൻകൂറായി തന്നെ വിജയ് നേരിട്ടു. പാർട്ടിയുടെ വഴികാട്ടികളെ സംബന്ധിച്ച പ്രഖ്യാപനമാണ് ഇതിന്റെ ഉദാഹരണം. പെരിയാർ രാമസ്വാമി, തമിഴ്നാട് മുൻമുഖ്യമന്ത്രി കാമരാജ്, ഡോ. ബി.ആർ. അംബേദ്കർ, വേലു നാച്ചിയാർ, അഞ്ജല അമ്മാൾ എന്നിവരാണ് പാർട്ടിയുടെ തലവന്മാരെന്നായിരുന്നു വിജയയുടെ പ്രഖ്യാപനം. പെരിയാറിനെ മുന്നിൽ നിർത്തുമ്പോൾ വിശ്വാസത്തെ സംബന്ധിച്ച് പാർട്ടിയുടെ നിലപാട് എന്തായിരിക്കുമെന്നത് സ്വാഭാവികമായി ഉയരുന്ന ഉപചോദ്യമാണ്. അതിന് കാലേക്കൂട്ടിതന്നെ വിജയ് മറുപടി പറഞ്ഞു. പെരിയാറിന്റെ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയ വിജയ് ആരുടേയും വിശ്വാസത്തിന് എതിരല്ലെന്നും കൂട്ടിച്ചേർത്തു.
ഇവിടെ ഞാനും നീയും എന്നില്ല, നമ്മൾ മാത്രമാണുള്ളത്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ല. പറയുന്നതിലല്ല, പ്രവർത്തിയിലാണ് കാര്യം. നിങ്ങളിൽ ഒരാളായി നിന്നാണ് ഞാൻ പ്രവർത്തിക്കുക. പണത്തിന് വേണ്ടി രൂപ്പപെടുത്തിയ രാഷ്ട്രീയ പാർടി അല്ല ഇത്. നല്ല നാളേയ്ക്കായി കെട്ടിപ്പെടുത്ത രാഷ്ട്രീയ പാർട്ടിയാണിത്. അഴിമതിക്കാരെ ജനാധിപത്യ പ്രക്രിയയിലൂടെ നമ്മൾ നേരിടും. രാഷ്ട്രീയത്തിൽ ഞാൻ ഒരു കുട്ടിയാണ്. പക്ഷേ ഒട്ടും പേടിക്കാതെയാണ് ഇവിടെ നിൽക്കുന്നത്. ആരുടെയും എ ടീമോ ബി ടീമോ അല്ല. ആരുടെയും വിശ്വാസത്തെയും എതിർക്കില്ല. ഇന്ത്യൻ ഭരണഘടന മുന്നോട്ടുവെക്കുന്ന സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയ്ക്കായി പാർടി പ്രവർത്തിക്കും.- വിജയ് പറഞ്ഞു.
സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കുമായി പ്രത്യേക നിയമം കൊണ്ടുവരുമെന്നും വിജയ് പറഞ്ഞു. കൂടുതൽ സ്ത്രീകൾ നേതൃനിരയിലേക്ക് വരും. സയൻസും ടെക്നോളജിയും പോലെ വികസിക്കേണ്ട മേഖലയാണ് രാഷ്ട്രീയവും.
ജനങ്ങൾക്ക് വേണ്ടി ജീവിക്കാനായാണ് സിനിമ വിട്ട് രാഷ്ട്രീയത്തിലേക്കെത്തിയത്. ഇനി അതിൽ പിന്നോട്ടുപോക്ക് ഇല്ലെന്നും ഒരുമിച്ച് പ്രവർത്തിക്കാമെന്നും വിജയ് പറഞ്ഞു. 2026 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വിജയ് വ്യക്തമാക്കി.
Discussion about this post