കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് ഫലം പൂര്‍ണമാകുമ്പോള്‍ ചേലക്കര സീറ്റ് നിലനിര്‍ത്തിയ ഇടതുപക്ഷത്തിന് പിടിവള്ളിയായി. വയനാട് ലോക്സഭാ മണ്ഡലത്തിലെ വന്‍ ഭൂരിപക്ഷത്തിലെ ജയവും എല്ലാ പ്രതിസന്ധികളും മറികടന്ന് പാലക്കാട് നേടിയ വിജയവും യു.ഡി.എഫിന് ആവേശമാകുകയാണ്. അതേസമയം പാലക്കാട് ഉണ്ടായിരുന്നതില്‍ 10671 വോട്ട് നഷ്ടപ്പെടുകയും മറ്റു രണ്ട് മണ്ഡലങ്ങളിലും കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍പോലുമാകാതെ ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ. സഖ്യം തീര്‍ത്തും അപ്രസക്തമായി.
ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ഇല്ലെന്ന് വാദിക്കാനുള്ള നേട്ടമായി ചേലക്കരയില്‍ ഇടതുപക്ഷത്തിന്റെ വിജയം. 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചേലക്കരയില്‍ യു.ആര്. പ്രദീപ് വിജയിച്ചത്. 64,259 വോട്ടുകളാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് 52,137 വോട്ടാണ് ലഭിച്ചത്. 2021ല്‍ കെ.രാധാകൃഷ്ണന് ഭൂരിപക്ഷം 39,400 ആയിരുന്നു. വിജയിക്കാനായത് നേട്ടമായി എല്‍.ഡി.എഫ്. വിലയിരുത്തുന്നു.
സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ നീക്കങ്ങള്‍ക്ക് സാക്ഷിയായ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടാനായത് യു.ഡി.എഫ്. ക്യാമ്പുകളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. പി.സരിനെ സ്ഥാനാര്‍ഥിയാക്കി പാലക്കാട് പിടിക്കാമെന്ന് എല്‍.ഡി.എഫ്. കണക്കുകൂട്ടിയെങ്കിലും വെറും 860 വോട്ട് മാത്രമാണ് കഴിഞ്ഞ തവണത്തേതില്‍നിന്നു വര്‍ധിപ്പിക്കാനായത്. പക്ഷേ 2021ല്‍ ഷാഫി പറമ്പിലിന് ലഭിച്ചത് 54,079 വോട്ട് ആയിരുന്നെങ്കില്‍ ഇപ്പോള്‍ രാഹുല്‍ മങ്കൂട്ടം അത് 58,389 വോട്ടാക്കി വര്‍ധിപ്പിച്ച് 4310 വോട്ടിന്റെ ഭൂരിപക്ഷം നേടുകയായിരുന്നു. പാലക്കാട് വിജയിക്കുമെന്ന് വീമ്പിളക്കിയ ബി.ജെ.പിയാകട്ടെ രണ്ടാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും സ്വന്തം മടിയില്‍നിന്ന് ഒലിച്ചുപോയത് 10671 വോട്ടാണ്. ബി.ജെ.പിയുടെ കോട്ടകള്‍ തകര്‍ത്താണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ വിജയം. പോളിങ്ങ് ശതമാനം കുറഞ്ഞപ്പോള്‍ ഭൂരിപക്ഷത്തില്‍ കുറവുണ്ടാകുമോയെന്ന ആശങ്ക വയനാട്ടില്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്നു പക്ഷേ അതെല്ലാം തകിടം മറിക്കുന്നതായി പ്രിയങ്കയുടെ ജയം. 2024ല്‍ 3,64,442 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ വിജയിച്ചത്. അവസാന കണക്കുകള്‍ ലഭിക്കുമ്പോള്‍ പ്രിയങ്കയുടെ ഭൂരിപക്ഷ 4,08,036 വോട്ടുകളാണ്. എന്നാല്‍ 2019ല്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ച 4,31,770 വോട്ടെന്ന ഭൂരിപക്ഷത്തിലേക്കെത്താന്‍ പ്രിയങ്കയ്ക്കായില്ല. എങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് ലഭിച്ച തിളക്കമാര്‍ന്ന ഈ രണ്ട് വിജയങ്ങളും യു.ഡി.എഫിനും കോണ്‍ഗ്രിനും കൂടുതല്‍ ശക്തിപകരും. സന്ദീപ് വാര്യരെ ഉള്‍പ്പെടെ കോണ്ഗ്രസിലേക്കെത്തിച്ച് പാലക്കാട് അവസാന ലാപ്പില്‍ നടത്തിയ നീക്കങ്ങള്‍ ബി.ജെ.പി. പാളയത്തിന് തിരിച്ചടി നല്‍കാനായതും അവര്‍ക്ക് നേട്ടമാണ്.
ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നിടത്തും ബി.ജെ.പിയുടേത് നിഴല്യുദ്ധമായിപ്പോയെന്ന് കണക്കുകള്‍ പറയുന്നു. ഉറപ്പായി വിജയിക്കുമെന്നു പറഞ്ഞ പാലക്കാട് പതിനായിരത്തിലധികം വോട്ടുകളാണ് അവര്‍ക്ക് സ്വന്തം പെട്ടിയില്‍നിന്നു പോയത്. തൃശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിക്കാന്‍ നടത്തിയ അതേ പ്രവര്‍ത്തനമാണ് പാലക്കാടും ബി.ജെ.പി. നടത്തിയത്. 2021ല്‍ ഇ ശ്രീധരന് നേടിയ 50,220 വോട്ടിന്റെ അടുത്തെത്താന്‍ കൃഷ്ണകുമാറിന് സാധിച്ചില്ല. 50,220 വോട്ടാണ് അന്ന് ശ്രീധരന് നേടിയത്. എന്നാല്‍ കൃഷ്ണകുമാറിന് 39,529 വോട്ടു മാത്രമേ നേടാനായുള്ളു. പാര്‍ടിക്കുള്ളിലെ പ്രശ്നങ്ങളും ശോഭാ സുരേന്ദ്രനുവേണ്ടി ബോര്‍ഡ് വച്ചവരും, സന്ദീപ് വാര്യറുടെ കൂടുമാറ്റവുമെല്ലാം ഇതിന് കാരണമായിട്ടുണ്ടെന്നുവേണം കരുതാന്‍.
വിജയപരാജയങ്ങളുടെ പേരിലുള്ള വാദങ്ങളും പ്രതിവാദങ്ങളും വിഴുപ്പലക്കലുകളുമാകും വരും ദിവസങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളിലും മുന്നണികളിലും നടക്കാന്‍ പോകുന്നത്.
Discussion about this post