സംസ്ഥാന സർക്കാരിന്റെ അഞ്ചാമത് ബജറ്റ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നിയമസഭയിൽ അവതരിപ്പിക്കും. തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള അവസാന സമ്പൂർണ ബജറ്റായതിനാൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഏറെ ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടും സഭയിൽ വയ്ക്കും. 10, 11, 12 തിയതികളിലാണ് ബജറ്റ് ചർച്ച. ഉപധനാഭ്യർഥനകളിലുള്ള ചർച്ചയും വോട്ടെടുപ്പും 13ന് നടക്കും. സംസ്ഥാന വയോജന കമ്മീഷൻ ബില്ല്, 2024ലെ വ്യാവസായിക അടിസ്ഥാന സൗകര്യ വികസന (ഭേദഗതി) ബില്ല് എന്നിവയും അവതരിപ്പിക്കും.
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നികുതിയേത വരുമാന വർധനവിനുള്ള മാർഗങ്ങൾക്കാകും ബജറ്റിൽ പ്രധാന്യം നൽകുക. പ്രഖ്യാപിത ഇടതു നയങ്ങളിൽ നിന്ന് വഴിമാറിയുള്ള മാറ്റങ്ങൾ കൂടിയാണ് ഈ ബജറ്റിൽ പ്രതീക്ഷിക്കുന്നത്.
മൂന്ന് വർഷം കൊണ്ട് മുഴുവൻ പ്രവർത്തന സജ്ജമാകുന്ന വിഴിഞ്ഞം തുറമുഖം മുന്നിൽ കണ്ടാകും സംസ്ഥാന ബജറ്റിലെ വലിയ പ്രഖ്യാപനങ്ങളത്രയും. വിഴിഞ്ഞം അനുബന്ധ വികസനത്തിന് വലുതും ചെറുതുമായ ഒട്ടേറെ പദ്ധതികൾ പരിഗണനയിലുണ്ട്. സാങ്കേതിക നൂലാമാലകൾ ഒഴിവാക്കി വ്യവസായ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിനുള്ള സാധ്യതളെല്ലാം തുറന്നിടുമെന്ന സൂചന ധനമന്ത്രി നൽകിക്കഴിഞ്ഞു. കിഫ്ബി റോഡിലെ ടോളിന് സമാനമായി പ്രഖ്യാപിത ഇടതു നയങ്ങളിൽ നിന്ന് എല്ലാം മാറി വരുമാന വർധനക്ക് നിർദേശങ്ങളുണ്ടാകും.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപത്തെ പരമാവധി പ്രോത്സാഹിപ്പിക്കാൻ പ്രഖ്യാപനങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. തദ്ദേശ സ്ഥാപങ്ങളിലെ തനതു വരുമാനം കൂട്ടുന്നതിനൊപ്പം പദ്ധതികൾക്ക് പണമെത്തിക്കാൻ വിവിധ സേവന നിരക്കുകളിലടക്കം പരിഷ്കാരങ്ങൾക്കും സാധ്യതയുണ്ട്. ക്ഷേമ പെൻഷൻ കൂട്ടി നൽകുന്നത് മുതൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട ജനപ്രിയ പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാകാം.
കേന്ദ്രനിലപാട് സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കത്തിലും ക്ഷേമ, വികസന പ്രവർത്തനങ്ങൾ കുറയില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ കേരളവിരുദ്ധതമൂലം വർഷം 57,000 കോടി രൂപയുടെ വരുമാന നഷ്ടമാണുണ്ടാകുന്നത്. തനത് വരുമാനത്തിൽ നേട്ടം കൈവരിച്ചിട്ടും കേന്ദ്രവിഹിതത്തിലെ ഇടിവും കേന്ദ്ര–സംസ്ഥാന പങ്കാളിത്ത പദ്ധതികളിലെ കേന്ദ്രവിഹിതം നൽകാത്തതും വായ്പാപരിധി വെട്ടിക്കുറയ്ക്കുന്നതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഇതിനിടയിലാണ് ബജറ്റ് എന്ന പ്രത്യേകതയുമുണ്ട്.
Discussion about this post