ഇന്ത്യയിൽ ആദ്യമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പേപ്പർരഹിത ഡിജിറ്റൽ കോടതി (24X7 ഓപ്പൺ ആൻഡ് നെറ്റ് വർക്ക്ഡ് കോടതി) ബുധനാഴ്ച കൊല്ലത്ത് പ്രവർത്തനം തുടങ്ങി.
പണമടച്ചുതീർക്കൽ നിയമം 138-ാം വകുപ്പ് പ്രകാരമുള്ള ചെക്ക് കേസുകളാണ് ഈ കോടതി പരിഗണിക്കുക. പൂർണമായും ഇന്റർനെറ്റ് നെറ്റ് വർക്കിലാണ് പ്രവർത്തനം. ഒരു മജിസ്ട്രേട്ടും മൂന്നു ജീവനക്കാരും ഉണ്ടാകും. കക്ഷികൾക്കും അഭിഭാഷകർക്കും ഓൺലൈനായും വേണമെങ്കിൽ നേരിട്ടും ഹാജരാകാവുന്ന ഹൈബ്രിഡ് മോഡിലാണ് പ്രവർത്തനം.
വെബ് സൈറ്റിലെ നിശ്ചിത ഫോം പൂരിപ്പിച്ച് രേഖകൾ അപ്ലോഡ് ചെയ്ത് കേസ് ഫയൽ ചെയ്യാം. വിചാരണ, വാദം ഉൾപ്പെടെ എല്ലാ നടപടിക്രമങ്ങളും ഓൺ ലൈനായാണ്. സമൻസും ഓൺലൈനായി ലഭിക്കും. കോർട്ട് ഫീസ് ഇ പേമെന്റായി ട്രഷറിയിൽ അടയ്ക്കണം. കേസ് പുരോഗതി ഓൺലൈനിൽ പരിശോധിക്കാം.
അത്യാധുനിക രീതിയിൽ സജ്ജീകരിച്ച കോടതി അഡീഷണൽ ജില്ലാ ജഡ്ജി പി.എൻ.വിനോദ് ഉദ്ഘാടനംചെയ്തു. കോടതിയുടെ ചുമതലയുള്ള ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് സൂര്യ സുകുമാരൻ സിറ്റിങ് നടത്തി. ആദ്യ കേസ് അഡ്വ. ജി.വി.ആശ ഫയൽചെയ്തു.
Discussion about this post