അനധികൃത ഇരുമ്പയിര് കടത്ത് കേസിൽ കോൺഗ്രസ് നേതാവും കർണാടക കാർവാർ എം.എൽ.എയുമായ സതീഷ് കൃഷ്ണ സെയിലിന് ഏഴു വർഷം തടവും 15.2 കോടി രൂപ പിഴയും. ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇളവ് തേടിയെങ്കിലും കോടതി പരിഗണിച്ചില്ല.
ബെലകെരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസിൽ നേരത്തെ സതീഷിനെ കൂടാതെ കർണാടക തുറമുഖ വകുപ്പ് ഡപ്യൂട്ടി കൺസർവേറ്റർ മഹേഷ് ജെബിലിയെ, ഖനിയുടമ ചേതൻ ഷാ തുടങ്ങി ഏഴുപേർ നേരത്തെ കുറ്റക്കാരാണന്ന് കണ്ടെത്തിയിരുന്നു.
2006- 2008 കാലത്ത് കാർവാറിലെ ബെലകെരി തുറമുഖം വഴി 11,000 മെട്രിക് ടൺ ഇരുമ്പയിര് അനധികൃതമായി വിദേശരാജ്യങ്ങളിലേക്ക് കടത്തിയെന്നാണ് ആരോപണം. കേസിൽ നേരത്തെ സി.ബി.ഐ അറസ്റ്റിലായ സതീഷ് ഒരു വർഷത്തോളം ജയിലായിരുന്നു. ജാമ്യം നേടി പുറത്തിറങ്ങിയ അദ്ദേഹത്തെ കുറ്റക്കാരനെന്നു കണ്ടത്തിയതോടെ വീണ്ടും അറസ്റ്റ്ചെയ്യുകയുണ്ടായി. തടവുശിക്ഷ രണ്ടുവർഷത്തിൽ കൂടുതലായതിനാൽ ജനപ്രാതിനിധ്യ നിയമപ്രകാരം സതീഷ് സെയിലിന് എം.എൽ.എ സ്ഥാനം നഷ്ടമാകും. വിധിക്കെതിരേ കർണാടക ഹൈക്കോടതിയെ സമീപിക്കുമെന്ന് സതീ ഷിൻ്റെ അഭിഭാഷകർ അറിയിച്ചു.
ഷിരൂരിലെ ഗംഗാവലി പുഴയിൽ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനങ്ങളിൽ മുമ്പിലുണ്ടായിരുന്ന സതീഷ് മലയാളികൾക്ക് സുപരിചിതനാണ്.
Discussion about this post