ഇസ്രായേൽ- ഹമാസ് സമാധാന സമാധാന കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ് ഹൗസിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത ബൈഡൻ സമാധാന കരാർ അമേരിക്കൻ നയതന്ത്രത്തിന്റെയും ദീർഘമായ പിന്നാമ്പുറ ചർച്ചകളുടെയും ഫലമാണെന്ന് വ്യക്തമാക്കി. സമാധാന കരാർ നിലനിൽക്കുമെന്നാണ് തൻ്റെ വിശ്വാസമെന്നും ബൈഡൻ പറഞ്ഞു. ഇതോടെ പതിനഞ്ച് മാസം നീണ്ട ഇസ്രായേൽ ഹമാസ് യുദ്ധത്തിന് അന്ത്യമാകും.
സമാധാന കരാർ ആദ്യ ഘട്ടത്തിന്റെ കാലാവധി 42 ദിവസമാണ്. ആറ് ആഴ്ചകൾക്ക് ശേഷം രണ്ടാം ഘട്ടത്തിലേക്ക് കടക്കും. അത് ഇസ്രായേൽ- ഹമാസ് യുദ്ധത്തിന്റെ അവസാനമായിരിക്കുമെന്ന് ബൈഡൻ പറഞ്ഞു. കഴിഞ്ഞ മേയിൽ അമേരിക്ക മുന്നോട്ടുവച്ച സമാധാന കരാറിന്റെ കരട് രേഖയാണ് ഇപ്പോൾ പ്രാവർത്തികമായത്. ഗാസയിൽ വെടി നിർത്തലിനുള്ള കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ബൈഡൻ ഔദ്യോഗികമായി സമാധാന കരാർ പ്രഖ്യാപിച്ചതോടെ ഗാസയിൽ ശാന്തി പുലരുമെന്ന പ്രതീക്ഷയിലാണ് ലോകം. അമേരിക്കയുടെ പിന്തുണയോടെ ഈജിപ്ഷ്യൻ-ഖത്തർ മധ്യസ്ഥർ നടത്തിയ മാസങ്ങൾ നീണ്ട തീവ്രമായ ചർച്ചകൾക്ക് ശേഷമാണ് ഈ വഴിത്തിരിവ്. ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും മോചനത്തിനും ധാരണയായിട്ടുണ്ടെന്നാണ് വിവരം. 94 ഇസ്രയേലി തടവുകാരാണ് ഹമാസിന്റെ പക്കലുളളത്. 1000 പലസ്തീനി തടവുകാരെയായിരിക്കും ഇസ്രയേൽ മോചിപ്പിക്കുക.
Discussion about this post