.പി.എം നേതാവ് ഇ.പി ജയരാജന്റെ വിവാദ ആത്മകഥാ ചോർച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. ഡി.സി ബുക്സിൻ്റെ മുൻ പബ്ലിക്കേഷൻ മാനേജർ എ.വി.ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കോട്ടയം ഈസ്റ്റ് പൊലീസ് കേസ് ഫയൽ ചെയ്തത്. ഇ.പി ജയരാജന്റെ ആത്മകഥ ‘കട്ടൻ ചായയും പരിപ്പുവടയും’ പ്രസിദ്ധീകരിക്കുന്നതിനുമുമ്പേ പി.ഡി.എഫ് പ്രചരിപ്പിച്ച സംഭവത്തിലാണ് ഡി.സി. ബുക്സിനെതിരെ പൊലീസ് കേസെടുത്തത്. വിവാദത്തെ തുടർന്ന് എ.വി ശ്രീകുമാറിനെ ഡി.സി ബുക്സ് നേരത്തേ സസ്പെന്റ് ചെയ്തിരുന്നു.
സംഭവത്തിൽ കേസെടുക്കാൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി കോട്ടയം ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന് കഴിഞ്ഞ ദിവസം നിർദേശം ലഭിച്ചിരുന്നു. പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. വിശ്വാസ വഞ്ചനാ കുറ്റവും ഡിജിറ്റൽ കോപ്പി പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് ഐ.ടി ആക്ടും ചുമത്തുമെന്നാണ് വിവരം.
ആത്മകഥാ വിവാദത്തിൽ വെള്ളിയാഴ്ച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോട്ടയം എസ്പി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിരുന്നു. ആത്മകഥ ചോർന്നത് ഡി.സി ബുക്സിൽനിന്ന് തന്നെയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ആത്മകഥ പകർപ്പവകാശ നിയമത്തിന്റെ പരിധിയിൽവരുന്നതിനാൽ പൊലീസിന് നേരിട്ട് കേസെടുക്കാനാകില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. രചയിതാവ് കോടതിയിൽ പോകുകയും കോടതി നിർദേശിക്കുകയും ചെയ്താലേ പൊലീസിന് തുടർനടപടി സ്വീകരിക്കാനാകൂവെന്നുമാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാൽ കേസ് എടുക്കാൻ പ്രത്യേക പരാതി ആവശ്യമില്ലെന്ന നിർദേശത്തെ തുടർന്നാണ് കേസ്.
Discussion about this post