സംസ്ഥാനം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്. വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പിൻ്റെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ മുന്നണികൾ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് മൂന്നുദിവസം മുൻപേ നിയമസഭാ സമ്മേളനം അവസാനിപ്പിച്ചത്.
വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർഥിനിർണയ നീക്കങ്ങളും മുന്നണികൾ ആരംഭിച്ചു. രാഹുൽഗാന്ധി ഒഴിയുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽനിന്ന് പ്രിയങ്കാഗാന്ധി മത്സരിക്കുമെന്ന് ഉറപ്പായി. ആനി രാജ പരാജയപ്പെട്ടിടത്ത് സി.പി.ഐ യും സ്ഥാനാർഥിക്കായി പ്രാഥമിക ചർച്ചകൾ ആരംഭിച്ചു. പൊതുസ്വതന്ത്രനെ നിർത്തുന്നതും ഇടതുമുന്നണിയുടെ പരിഗണനയിലുണ്ട്. ബി.ജെ.പി. ശോഭാ സുരേന്ദ്രനെ കൂടാതെ മറ്റു ചില പേരുകളും പരിഗണിക്കുന്നുണ്ട്.
ആലത്തൂരിൽ നിന്ന് കെ. രാധാകൃഷ്ണൻ വിജയിച്ച സാഹചര്യത്തിലാണ് ചേലക്കരയിൽ തിരഞ്ഞെടുപ്പ് വേണ്ടിവരുന്നത്. രമ്യാ ഹരിദാസ് കോൺഗ്രസിനുവേണ്ടി മത്സരിക്കും എന്ന അഭ്യൂഹം ശക്തമാണ്. രാധാകൃഷ്ണനുപകരം മുൻ എം.എൽ.എ. കൂടിയായ യു.ആർ. പ്രദീപ് സി.പി.എം. സ്ഥാനാർഥിയാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. 2016-ൽ അവിടെനിന്ന് ജയിച്ച പ്രദീപ് 2021-ൽ ഒരു ടേം പൂർത്തിയാക്കിയപ്പോൾത്തന്നെ കെ. രാധാകൃഷ്ണനുവേണ്ടി മണ്ഡലം ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. ഡോ. ടി.എൻ. സരസുവിനെ ബി.ജെ.പി. വീണ്ടും പരിഗണിക്കാനാണ് സാധ്യത.
ഷാഫി പറമ്പിൽ വടകരയിൽനിന്ന് ലോക്സഭയിലേക്ക് പോയതോടെ ഒഴിവുവന്ന പാലക്കാട് സീറ്റ് നിലനിർത്തുകയെന്ന വെല്ലുവിളിയാണ് കോൺഗ്രസിനുമുന്നിലുള്ളത്. യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിന്റെ പേര് ഷാഫിക്ക് പകരമായി കേൾക്കുന്നുണ്ട്. എന്നാൽ തർക്കങ്ങൾ ഉണ്ട്. ബി.ജെ.പിയാണ് പാലക്കാട് പ്രധാന എതിരാളി. ജനറൽസെക്രട്ടറി സി. കൃഷ്ണകുമാർ, നഗരസഭാ വൈസ് ചെയർമാൻ കൂടിയായ ഇ. കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് കെ.എ. ഹരിദാസ്, നഗരസഭാ അധ്യക്ഷ പ്രമീളാ ശശിധരൻ തുടങ്ങിയ പേരുകൾക്കാണ് ബി.ജെ.പി.യിൽ മുൻതൂക്കം. പാലക്കാട് പിടിക്കാൻ കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നിവർ വന്നേക്കുമെന്നും അഭ്യൂഹമുണ്ട്. തുടർച്ചയായി മൂന്നാം സ്ഥാനത്തേക്ക് പോകുന്ന സി.പി.എം. രണ്ടാം സ്ഥാനത്തേക്കെങ്കിലും എത്താൻ തരത്തിലുള്ള ഒരു സ്ഥാനാർഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
Discussion about this post