കലൂർ സ്റ്റേഡിയത്തിൽ നിർമിച്ച ഗ്യാലറിയിൽ നിന്നും വീണ് പരിക്കേറ്റ തൃക്കാക്കര എംഎൽഎ ഉമാ തോമസിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിതി. മകൻ കണ്ടപ്പോൾ കൈകാലുകൾ അനക്കിയതായും കണ്ണുകൾ തുറന്നതായും റിപ്പോർട്ടുകളുണ്ട്. വീഴ്ചയിൽ ശ്വാസകോശത്തിന് ഗുരുതര പരിക്കേറ്റ ഉമ ഇപ്പോഴും പാലാരിവട്ടം റിനൈ മെഡി സിറ്റിയിൽ വെൻ്റിലേറ്ററിലാണ്. മെഡിക്കൽ ബുള്ളറ്റിൻ വന്നാൽ മാത്രമേ ആരോഗ്യനിലയിൽ എത്രത്തോളം പുരോഗതിയുണ്ടെന്ന് വ്യക്തമാകുകയുള്ളൂ.
ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് മൃദംഗ വിഷൻ തയാറാക്കിയ മെഗാ ഭരതനാട്യ പരിപാടിയുടെ ഉദ്ഘാടനപരിപാടിക്ക് എത്തിയപ്പോഴാണ് എം.എൽ.എ. 15 അടി ഉയരത്തിൽനിന്ന് വീണത്. സ്റ്റേജ് തയാറാക്കുന്നതിൽ ഉൾപ്പെടെ സംഘാടകർക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. സംഭവത്തിൽ മൂന്ന് പോരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. സ്റ്റേഡിയത്തിൽ നടന്ന നൃത്തപരിപാടിയുടെ നടത്തിപ്പുകാരായ മൃദംഗ വിഷൻ എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒ. തിരുവനന്തപുരം കഴക്കൂട്ടം മനക്കാട്ടിൽ ഷമീർ അബ്ദുൾ റഹിം (38), ക്രമീകരണങ്ങൾ ഒരുക്കിയ ഇവൻ്റ്സ് ഇന്ത്യ പ്രൊപ്രൈറ്റർ വാഴക്കാല സ്വദേശി എം.ടി.കൃഷ്ണകുമാർ (45), താൽക്കാലിക സ്റ്റേജ് തയാറാക്കിയ മുളന്തുരുത്തി വെട്ടിക്കൽ വഴിക്കാട്ടുപറമ്പിൽ ബെന്നി (53) എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. പൊതുമരാമത്ത്, അഗ്നിരക്ഷാസേന, പൊലീസ്, ജി.സി.ഡി.എ. എന്നിവ നടത്തിയ പരിശോധനയിൽ ഗുരുതര വീഴ് ചകൾ കണ്ടെത്തിയതോടെയാണ് അറസ്റ്റ്.
നൃത്ത പരിപാടിയുടെത് മര്യാദയില്ലാത്ത സംഘാടനമെന്ന് കൊച്ചി മേയർ എം.അനിൽ കുമാർ പറഞ്ഞു. തന്നെ സംഘാടകർ ക്ഷണിച്ചത് തലേ ദിവസം മാത്രമാണ്, അപ്പോൾ തന്നെ വരില്ല എന്ന് പറഞ്ഞിരുന്നു. ജി.സി.ഡി.എ. ചെയർമാനും വിളിച്ചെങ്കിലും പോയില്ല. സംഘാടകർ കോർപ്പറേഷന്റെ ഒരനുമതിയും വാങ്ങിച്ചില്ല. കോർപറേഷനെ സമീപിച്ചുപോലും ഇല്ല. ചില്ലിക്കാശ് വിനോദ നികുതി അടച്ചിട്ടില്ലെന്നും എം.അനിൽ കുമാർ പറഞ്ഞു.
Discussion about this post