തിരുവനന്തപുരം ബാലരാമപുരത്ത് ഉറങ്ങിക്കിടന്ന രണ്ടു വയസ്സുകാരി കിണറ്റിൽവീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു(2) ആണ് മരിച്ചത്. കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മയുടെ സഹോദരൻ എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമ്മയുടെ സഹോദരൻ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് പേരെയും വേവ്വേറെ ചോദ്യംചെയ്തപ്പോൾ മൊഴിയിൽ വലിയ വൈരുധ്യമുണ്ട്. കുടുംബത്തിനുള്ളിൽ പ്രശ്നങ്ങളുണ്ടായിരുന്നു എന്ന വിവരവും സാമ്പത്തിക ബാധ്യത ഉണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ഈ വീട്ടിൽ രാവിലെ തീപ്പിടിത്തവുമുണ്ടായിരുന്നു. കുഞ്ഞിൻ്റെ അമ്മയുടെ സഹോദരൻ്റെ മുറിയിൽ തീപിടിത്തമുണ്ടായതായി നാട്ടുകാരും പറയുന്നുണ്ട്. അതിനുശേഷം കുഞ്ഞിനെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം സമീപത്തെ ആൾമറയുള്ള കിണറ്റിൽ നിന്ന് കണ്ടെത്തിയത്.
രാവിലെ 5.15-ഓടെയാണ് ദേവേന്ദുവിനെ കാണാതായതായി പരാതിയ ഉയർന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാതായി എന്നായിരുന്നു പരാതി. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.
Discussion about this post