മലയാളത്തിൻ്റെ പുണ്യം, എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. കഴിഞ്ഞ 10 ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതി തീർത്തും മോശമായിരുന്നു. തുടർന്ന് രാത്രി 10.10 ഓടെ ആയിരുന്നു അന്ത്യം.
സാഹിത്യവും സിനിമയും പത്രപ്രവർത്തനവുമടക്കം സർഗാത്മക മേഖലയിലും അല്ലാതെയും തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തിത്വമായിരുന്നു എം.ടിയുടേത്. ചങ്ങമ്പുഴ എങ്ങനെയാണോ മലയാള കവിതയെയും എഴുത്തുകാരെയും സ്വാധീനിച്ചതും ഇന്നും സ്വാധീനിച്ചു കൊണ്ടിരിക്കുന്നതും അതുപോലെയാണ് മലയാള കഥാസാഹിത്യത്തിലും എഴുത്തുകാരിലും എം.ടി. സ്വാധീനം ചെലുത്തിയതും ഇന്നും സ്വാധീനം ചെലുത്തികൊണ്ടിരിക്കുന്നതും.
നൃത്താധ്യാപിക കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. യു.എസിൽ ബിസിനസ് എക്സിക്യുട്ടീവായ സിതാര, നർത്തകിയും സംവിധായികയുമായ അശ്വതി എന്നിവർ മക്കളാണ്. മരുമക്കൾ: സഞജയ് ഗിർമേ, ശ്രീകാന്ത് നടരാജൻ. അധ്യാപികയും വിവർത്തകയുമായിരുന്ന പരേതയായ പ്രമീള നായർ ആദ്യഭാര്യ.
1933 ജൂലായ് 15-ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലായിരുന്നു എം.ടിയുടെ ജനനം. പുന്നയൂർക്കുളം ടി.നാരായണൻ നായരും അമ്മാളു അമ്മയുമാണ് മാതാപിതാക്കൾ. നാല് ആൺമക്കളിൽ ഇളയ മകൻ. മലമക്കാവ് എലിമെന്ററി സ്കൂൾ, കുമരനെല്ലൂർ ഹൈസ്കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജിൽനിന്ന് 1953-ൽ രസതന്ത്രത്തിൽ ബിരുദം നേടി. കുറച്ചുകാലം അധ്യാപകൻ. തുടർന്ന് 1956-ൽ മാതൃഭൂമിയിൽ സബ് എഡിറ്ററായി ദീർഘകാലത്തെ ഔദ്യോഗിക സേവനത്തിനു തുടക്കം.1968-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. 1981-ൽ ആ സ്ഥാനം രാജിവച്ചു. 1989-ൽ പീരിയോഡിക്കൽസ് എഡിറ്റർ എന്ന പദവിയിൽ തിരികെ മാതൃഭൂമിയിലെത്തി. 1999-ൽ മാതൃഭൂമിയിൽനിന്ന് വിരമിച്ചശേഷം കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചു. നിലവിൽ തുഞ്ചൻ സ്മാരക സമിതിയുടെ അധ്യക്ഷനാണ്.
സ്കൂൾ കാലംമുതൽ എഴുത്തിൽ തൽപരനായിരുന്നു എം.ടി. ആദ്യകഥ വിക്ടോറിയ പഠനകാലത്ത് പ്രസിദ്ധീകരിച്ച ‘രക്തം പുരണ്ട മൺതരികൾ’. 1953-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തിൻ്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടിയതോടെ എഴുത്തുകാരൻ എന്നനിലയിൽ ശ്രദ്ധിക്കപ്പെട്ടു. 1958-ൽ പ്രസിദ്ധീകരിച്ച ‘നാലുകെട്ട്’ ആണ് ആദ്യം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. ഈ കൃതി 1959-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി.
കാലം’, ‘അസുരവിത്ത്, ‘വിലാപയാത്ര’, ‘മഞ്ഞ്, എൻ.പി. മുഹമ്മദുമായി ചേർന്നെഴുതിയ ‘അറബിപ്പൊന്ന്, ‘രണ്ടാമൂഴം’, ‘വാരാണസി’ തുടങ്ങിയ നോവലുകൾ. കൂടാതെ ഒട്ടനവധി ചെറുകഥകളും നോവലെറ്റുകളും. എം.ടിയുടെ കരസ്പർശമേറ്റതെല്ലാം മലയാളികൾ ഹൃദയത്തിൽ ഏറ്റുവാങ്ങി. 1984- ലാണ് ‘രണ്ടാമൂഴം’ പുറത്തുവരുന്നത്.
സ്വന്തം കൃതിയായ ‘മുറപ്പെണ്ണി’ന് തിരക്കഥയെഴുതിയാണ് എം.ടി. ചലച്ചിത്രലോകത്ത് പ്രവേശിക്കുന്നത്. തുടർന്ന് തിരക്കഥാകൃത്ത്, സംവിധായകൻ എന്നിങ്ങനെ മലയാള ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായി മാറിയ അൻപതിലേറെ ചലച്ചിത്രങ്ങളുടെ പിന്നണിയിൽ അദ്ദേഹമുണ്ടായിരുന്നു. നിർമ്മാല്യം(1973), ബന്ധനം(1978), മഞ്ഞ്(1982), വാരിക്കുഴി(1982), കടവ് (1991), ഒരു ചെറുപുഞ്ചിരി(2000) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.
മുഖ്യമന്ത്രി അനുശോചിച്ചു
മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിൻ്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു.
Discussion about this post