എൽ.ഡി.എഫിലെ രണ്ട് എം.എൽ.എമാരെ എൻ.സി.പി അജിത് പവാർ പക്ഷത്തെത്തിക്കുന്നതിന് 100 കോടി രൂപ വാഗ്ദാനം ചെയതതായി ആരോപണം. എൻ.സി.പി. നേതാവും കുട്ടനാട് എം.എൽ.എയുമായ തോമസ് കെ. തോമസാണ് ഇതിനു പിന്നിലെന്നാണ് റിപ്പോർട്ട്.
മുൻ മന്ത്രിയും ജനാധിപത്യ കേരള കോൺഗ്രസിലെ ഏക എം.എൽ.എയുമായ ആന്റണി രാജുവിനും ആർ.എസ്.പി ലെനിനിസ്റ്റ് നേതാവ് കോവൂർ കുഞ്ഞുമോനുമാണ് ഈ തുക വാഗ്ദാനം ചെയ്തത്. ബി.ജെ.പി. സഖ്യകക്ഷിയായ എൻ.സി.പി. അജിത് പവാർ വിഭാഗത്തിലേക്ക് ചേരുന്നതിനായി ഇരുവർക്കും 50 കോടി രൂപ വീതമാണ് ഓഫർ ചെയ്തത്. ഇതിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് വിവരം ലഭിച്ചതാണ് തോമസ്.കെ തോമസിന്റെ മന്ത്രിസഭാ പ്രവേശനം മുടങ്ങാനിടയാക്കിയതെന്നാണ് റിപ്പോർട്ട്.
കോടികൾ വാഗ്ദാനം ചെയ്ത വിവരം അറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് എം.എൽ.എമാരേയും വിളിപ്പിച്ച് ഇതേക്കുറിച്ച് ആരാഞ്ഞു. ഈ വിവരത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രി ഇക്കാര്യം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിൽ റിപ്പോർട്ട് ചെയ്തതിരുന്നു.
എന്നാൽ ആരോപണം തെറ്റാണെന്നും പൂർണമായും നിഷേധിക്കുന്നുവെന്നും തോമസ് കെ. തോമസ് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ അറിയിച്ചു.
ആരോപണം നിഷേധിച്ച് കോവൂർ കുഞ്ഞുമോൻ എം.എൽ.എയും രംഗത്തെത്തി. ആരും പണം വാഗ്ദാനം ചെയ്തിട്ടില്ല. ആൻ്റണി രാജുവുമായിട്ടോ തോമസ് കെ തോമസുമായിട്ടോ ഇങ്ങനെയൊരു വിഷയം സംസാരിച്ചിട്ടില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചിരുന്നുവെന്നും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോപണത്തിൽ രൂക്ഷപ്രതികരിച്ച സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ജനപ്രതിനിധികൾക്ക് വില പറഞ്ഞുകൊണ്ട് ലക്ഷങ്ങളും കോടികളും അവർക്ക് വച്ചുനീട്ടുന്ന കുതിരക്കച്ചവട രാഷ്ട്രീയം കേരളത്തിലേക്ക് എത്തിയത് അങ്ങേയറ്റം അപമാനകരമാണെന്നു പറഞ്ഞു.
Discussion about this post