എ.ടി.എം. കവര്‍ച്ചയെന്ന പരാതിയില്‍ പരാതിക്കാരനും സുഹൃത്തും അറസ്റ്റിലായി. കണ്ണില്‍ മുളക് പൊടി വിതറി, ബന്ദിയാക്കി കൊയിലാണ്ടിയിലെ എ.ടി.എമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ പണം കവര്‍ന്നത് പ്രതികള്‍ നടത്തിയ നാടകമെന്ന് കൊയിലാണ്ടി പൊലീസ് കണ്ടെത്തി. പയ്യോളി സ്വദേശി സുഹൈല്‍, സുഹൃത്ത് താഹ എന്നിവരാണ് അറസ്റ്റിലായത്. താഹയില്‍ നിന്നും 37 ലക്ഷം രൂപ കണ്ടെടുത്തു. താഹ പയ്യോളിയിലെ പള്ളി ജീവനക്കാരനാണ്.
72,40,000 നഷ്ടപ്പെട്ടു എന്നായിരുന്നു പരാതി. എ.ടി.എം. കൗണ്ടറുകളില്‍ പണം നിറക്കാന്‍ പോകുന്നതിനിടെ അരിക്കുളം കുരുടിമുക്കില്‍ വച്ച് യുവാവിന്റെ കണ്ണില്‍ മുളകുപൊടി വിതറി ബന്ദിയാക്കിയ ശേഷം പണം കവര്‍ന്നു എന്നായിരുന്നു പരാതി. സുഹൈലിനെ കാറില്‍ ബന്ദിയാക്കിയ നിലയിലും ശരീരമാകെ മുളകുപൊടി വിതറിയ നിലയിലുമാണ് ദേശീയ പാതയില്‍ കാട്ടില പീടികയില്‍ കണ്ടെത്തിയത്.
ആദ്യം നഷ്ടമായത് 25 ലക്ഷം രൂപ ആണെന്ന് പറഞ്ഞിരുന്നുവെങ്കിലും 72,40,000 രൂപ നഷ്ടപ്പെട്ടു എന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയത്. യാത്രയ്ക്കിടെ പര്‍ദ ധരിച്ച രണ്ടുപേരില്‍ ഒരാള്‍ വണ്ടിയുടെ മുന്നിലേക്ക് വീണു എന്നും വാഹനം നിര്‍ത്തിയപ്പോള്‍ മറ്റൊരു പര്‍ദാധാരി ആക്രമിക്കുകയായിരുന്നു എന്നുമായിരുന്നു മൊഴി. യുവാവിന്റെ മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരനും സുഹൃത്തും പിടിയിലാകുന്നത്.
Discussion about this post