കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് അന്വേഷണ റിപ്പോർട്ട്. എ.ഡി.എമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ എ.ഗീത റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സമർപ്പിച്ചു.
കണ്ണൂർ ചെങ്ങളായിയിൽ പെട്രോൾ പമ്പ് ആരംഭിക്കാൻ .എൻ.ഒ.സി നൽകുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു ചെയ്തത് നിയമപരമായ നടപടികൾ മാത്രമാണ്. പെട്രോൾ പമ്പിന് എൻ.ഒ.സി നൽകുന്നതുമായി ബന്ധപ്പെട്ട് ഫയൽ വൈകിപ്പിച്ചുവെന്ന ആരോപണം തെറ്റാണ്. ആറു ദിവസം മാത്രമാണ് ഫയൽ നവീൻ ബാബുവിൻ്റെ പക്കലുണ്ടായിരുന്നത് തുടങ്ങിയ കാര്യ ങ്ങളാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
എ.ഡി.എമ്മിൻ്റെ ഭാഗത്തു നിന്ന് വീഴ്ചകളുണ്ടായിട്ടില്ല. പരിശോധനകൾ നടത്തിയാണ് നവീൻ ബാബു മുന്നോട്ടുപോയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
എൻ.ഒ.സി നൽകുന്നതുമായി ബന്ധപ്പെട്ട് എ.ഡി.എം കൈക്കൂലി ആവശ്യപ്പെട്ടെന്ന് പമ്പിന് അപേക്ഷ നൽകിയ പ്രശാന്തൻ ആരോപണമുന്നയിച്ചിരുന്നു. യാത്രയയപ്പു ചടങ്ങിൽ നവീൻ ബാബുവിനെ ആക്ഷേപിക്കുന്ന വിഡിയോ മാധ്യമങ്ങൾക്ക് കൈമാറിയതു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റായിരുന്ന പി. പി.ദിവ്യയാണെന്ന് എ.ഗീതയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
വിഡിയോ പകർത്തിയ ചാനൽ പ്രവർത്തകരിൽനിന്ന് വിവരങ്ങളും ദൃശ്യങ്ങളുടെ പകർപ്പും ശേഖരിച്ചിരുന്നു. അന്വേഷണവുമായി ദിവ്യ സഹകരിക്കാ ത്തതിനാൽ അവരുടെ മൊഴി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ല. കലക്ടർ ഉൾപ്പെടെ 17 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. യാത്രയയപ്പുമായി ബന്ധപ്പെട്ടു ഗൂഢാലോചന നടന്നെന്ന ആരോപണം കലക്ടർ അരുൺ കെ.വിജയനും നിഷേധിച്ചിട്ടുണ്ട്.
Discussion about this post