എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്ന് പരാതി. നവീന്‍ ബാബുവിന്റെ സഹോദരന് പ്രവീണ്‍ ബാബുവാണ് പൊലീസില്‍ പരാതി നല്‍കിയത്. എ.ഡി.എമ്മിന്റെ മരണത്തില്‍ ദിവ്യയുടെയും പെട്രോള്‍ പമ്പിന് അപേക്ഷ നല്കിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ എ.ഡി.എമ്മിന്റെ സംസ്കാരം നാളത്തേക്ക് മാറ്റി. പരിയാരം മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നവീന്‍ ബാബുവിന്റെ മൃതദേഹം ഇന്നലെ രാത്രി 12:30യോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇത് ഇന്ന് ഉച്ചയ്ക്ക് ശേഷമേ നാട്ടിലെത്തിക്കാനാവൂ. അതിനാല്‍ മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ച ശേഷം നാളെ പത്തനംതിട്ട കലക്ടറേറ്റില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്കരിക്കാനാണ് തീരുമാനം. കാസര്‍ഗോഡ്, കണ്ണൂര്‍ കലക്ടര്‍മാരുടെ സാന്നിധ്യത്തിലാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്.
നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ നഗരസഭ പരിധിയില്‍ ബി.ജെ.പി. ഹര്‍ത്താല്‍ ആചരിക്കുന്നുണ്ട്. മലയാലപ്പുഴയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹര്‍ത്താലും തുടങ്ങി.
നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുക്കും. മരണത്തില്‍ ഉത്തരവാദിയായവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം. സര്‍വീസ് സംഘടനകളുടെ ആഹ്വാനപ്രകാരമല്ല പ്രതിഷേധം. വില്ലേജ് ഓഫിസ് മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള റവന്യുവകുപ്പിലെ ഉദ്യോഗസ്ഥരാണ് അവധിയെടുക്കുന്നത്. അതിനിടെ എ.ഡി.എമ്മിനെതിരെ കൈക്കൂലി പരാതി നല്കിയ പ്രശാന്തിനെ പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ജി.ഒ. അസോസിയേഷന് രംഗത്തെത്തി. സര്‍ക്കാര്‍ ജീവനക്കാരന് കച്ചവട സ്ഥാപനം തുടങ്ങിയെന്നതാണ് കാരണം. അഴിമതി നിരോധന നിയമപ്രകാരം പ്രശാന്തിനെതിരെ കേസെടുക്കണമെന്നും അസോസിയേഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Discussion about this post