കണ്ണൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ചു. നവീനെതിരെ അഴിമതി ആരോപണമുന്നയിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ മൊഴിയെടുക്കും. അന്വേഷണത്തിന് കണ്ണൂര്‍ പൊലീസ് പത്തനംതിട്ടയിലേക്ക് എത്തും.
അതിനിടെ നവീന്‍ ബാബു കൈക്കൂലി കൈപ്പറ്റിയെന്ന പരാതി ലഭിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ വ്യക്തമാക്കി. നവീന്‍ ബാബുവിനെതിരെ പെട്രോള്‍ പമ്പുടമ ടി.വി.പ്രശാന്തന് നല്കിയെന്നു പറയപ്പെടുന്ന പരാതി മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു വിജിലന്‍സിനും ലഭിച്ചിട്ടില്ല. ഇതോടെ പരാതി നല്‍കിയിരുന്നെന്ന വാദം കെട്ടിച്ചമച്ചതാണെന്ന സൂചന ശക്തമായി.
നവീന്‍ ബാബുവിന്റെ സംസ്കാരം ഇന്ന് പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പില്‍ നടക്കും. രണ്ടുമണിക്ക് ശേഷമാണ് പത്തിശേരിയിലെ വീട്ടില്‍ സംസ്കാര ചടങ്ങുകള്‍ തീരുമാനിച്ചിരിക്കുന്നത്.
നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ കേരളത്തിലെ പെട്രോള്‍ പമ്പ് ഉടമകളുടെ സംഘടന മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ക്ക് എന്‍.ഒ.സി. നല്കുന്നതില് വ്യാപക അഴിമതിയുണ്ടെന്നും ഇതുവരെ അനുവദിച്ചിട്ടുള്ള എന്‍.ഒ.സികളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് (എ.കെ.എഫ്.പി.ടി) മുഖ്യമന്ത്രിക്ക് കത്തുനല്‍കിയിരിക്കുന്നത്. പല പമ്പുകള്‍ക്കും അനുമതി ലഭിച്ചിരിക്കുന്നത് നിയമത്തില്‍ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണെന്നാണ് എ.കെ.എഫ്.പി.ടി ആരോപിക്കുന്നത്. എന്‍.ഒ.സി. അനുവദിക്കുന്നതില്‍ എ.ഡി.എമ്മുമാരും വ്യാപക അഴിമതി നടത്തുന്നുണ്ടെന്നും ആരോപണമുണ്ട്. സത്യസന്ധനായ നവീന്‍ ബാബുവും ഈ കാരണത്താലായിരിക്കാം ആരോപണ വിധേയന് ആയതെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പെട്രോള്‍ പമ്പുടമകള്‍ പറയുന്നുണ്ട്.
Discussion about this post