എ.ഡി.എം. നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ പ്രതിയായ പി.പി. ദിവ്യ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി. ഇവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. പൊലീസും ദിവ്യയും തമ്മില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് കീഴടങ്ങലെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്തെ സ്ഥലത്ത് നിന്നാണ് കീഴടങ്ങിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ പൊലീസും ശ്രദ്ധിച്ചു.
പ്രതിയെ കസ്റ്റഡിയിലെടുത്തുവെന്ന് വെളിപ്പെടുത്തിയ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി എവിടെ വച്ചാണ് അറസ്റ്റ് ചെയ്തതെന്നടക്കുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ദിവ്യ നിലവില്‍ കസ്റ്റഡിയിലാണ് ഉള്ളത്. ഇനി അറസ്റ്റ് അടക്കമുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങും.
പ്രോസിക്യൂഷന് കോടതിയില്‍ ഉന്നയിച്ച ശക്തമായ വാദങ്ങളാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളാന്‍ കാരണം. കുറഞ്ഞത് 10 തവണ വിധിപ്പകര്‍പ്പില്‍ പ്രൊസിക്യൂഷനെ കോടതി പരാമര്‍ശിച്ചിട്ടുണ്ട്.
ദിവ്യയോട് അടിയന്തിരമായി കീഴടങ്ങണമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് താന്‍ കീഴടങ്ങാന്‍ തയാറാണെന്ന് ദിവ്യ അറിയിച്ചത്.
നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസില്‍ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്. ഇവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് കോടതി തള്ളിയിരുന്നു. എഡിഎം നവീന്‍ ബാബുവിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പിപി ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് ദിവ്യക്കെതിരായ കേസ്.
പ്രതി ഭാഗം ഹാജരാക്കിയ സിഡിയില്‍ പ്രസംഗം ഭാഗികമായി മറച്ചുവച്ചെന്ന വാദവും കോടതി അംഗീകരിച്ചെന്ന് 38 പേജ് ഉള്ള വിധിപ്പകര്‍പ്പില്‍ വ്യക്തമാകുന്നു. ജാമ്യത്തിനുള്ള വാദം തെളിയിക്കാന്‍ പ്രതിഭാഗത്തിന് സാധിച്ചില്ലെന്നും ഇതിലുണ്ട്.
Discussion about this post