എ.ഡി.ജി.പി. എം.ആർ.അജിത് കുമാറിന് ക്ലിൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് മടക്കി ഡയറക്‌ടർ. കൂടുതൽ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് വിജിലൻസ് ഡയറക്‌ടർ യോഗേഷ് ഗുപ്ത്‌ത അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് എസ്.പിയാണ് അന്വേഷണം നടത്തിയത്.
ഏതെല്ലാം കാര്യങ്ങളിലാണ് വ്യക്തത വേണ്ടതെന്ന് ചൂണ്ടികാട്ടിയാണ് റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥന് ഡയറക്ടർ മടക്കി അയച്ചത്. കൂടുതൽ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചർച്ചക്ക് വരാനും നിർദേശം നൽകി.
അജിത്കുമാറിനെതിരെ 4 ആരോപണങ്ങളാണ് പി.വി.അൻവർ എം.എൽ.എ. ഉന്നയിച്ചത്. ഇതിലാണ് വിജിലൻസ് അന്വേഷണം നടന്നത്. കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്.പി.സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്റെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു പ്രധാന ആരോപണം. എന്നാൽ ഈ ആരോപണം പൂർണമായും തെറ്റ് എന്നാണ് വിജിലൻസ് കണ്ടെത്തൽ. കവടിയാറിലെ ആഡംബര വീട് പണിതത്തിൽ ക്രമക്കേട് എന്നും ആരോപണമുണ്ടായിരുന്നു. വീട് നിർമാണത്തിനായി ബാങ്കിൽ നിന്ന് ഒന്നരക്കോടി വായ്‌പ എടുത്തിട്ടുണ്ടെന്നായിരുന്നും വീട് നിർമാണം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.
കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളിൽ ഇരട്ടി വിലക്ക് മറിച്ചു വിറ്റു എന്നായിരുന്നു മറ്റൊരു ആരോപണം. കരാർ ആയി എട്ടു വർഷത്തിന് ശേഷമാണു ഫ്ലാറ്റ് വിറ്റത് എന്നും സ്വാഭാവിക വിലവർധനയാണ് ഫ്ളാറ്റിന് ഉണ്ടായതെന്നും ആണ് വിജിലൻസ് കണ്ടെത്തിയത്. മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറിയിൽ അജിത് കുമാറിന് പങ്കുണ്ട് എന്നായിരുന്നു നാലാമത്തെ ആരോപണം. എന്നാൽ ഇതിൽ അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല എന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്. ഇതാണ് ഡയറ്കടർ മടക്കിയത്.
Discussion about this post