നടപടിയുമായി സർക്കാർ. വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെയും കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനെയും സസ്പെൻഡ് ചെയ്തു. ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണമാണ് ഗോപാലകൃഷ്ണൻ്റെ സസ്പെൻഷനിൽ കലാശിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ വ്യക്തിപരമായ പരാമർശം നടത്തിയതിനെ തുടർന്നാണ് പ്രശാന്തിനെതിരായ നടപടി.
എ. ജയതിലകിനെ സാമൂഹിക മാധ്യമക്കുറിപ്പുകളിലൂടെ അവഹേളിച്ച പ്രശാന്തിനെതിരേ നടപടിക്ക് ശുപാർശ ചെയ്ത് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യമന്ത്രി പിണറായി വിജയന് നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ കെ. ഗോപാലകൃഷ്ണണനെതിരേ നടപടി ശുപാർശ ചെയ്തും റിപ്പോർട്ട് നൽകിയിരുന്നു. നടപടിയുണ്ടാവുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടും ഞായറാഴ്യും ജയതിലകിനെതിരേ പ്രശാന്ത് അധിക്ഷേപം തുടർന്നു. ഇതുകൂടി ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി സ്വമേധയയാണ് റിപ്പോർട്ട് നൽകിയത്.
പ്രശാന്തിനെതിരായ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് നേരത്തേ പുറത്തുവന്നിരുന്നു. മുതിർന്ന ഉദ്യോഗസ്ഥനെ പരസ്യമായി അവഹേളിക്കുന്നതിൽനിന്ന് പിന്മാറാൻ സഹപ്രവർത്തകരും പ്രശാന്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തനിക്ക് പേടിയില്ലെന്നു പറഞ്ഞാണ് അധിക്ഷേപം ആവർത്തിച്ചത്.
Discussion about this post