ഐ.എ.എസ് തലപ്പത്തെ ചെളിവാരിയേറിനെ തുടർന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസമാണ് കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനെയും വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണണനെയും മുഖ്യമന്ത്രി സസ്പെൻഡ് ചെയ്തത്. സംസ്ഥാനത്തിൻ്റെ ഭരണ സംവിധാനത്തിനും ചീത്തപ്പേരിന് കാരണമായി. പരാമർശങ്ങൾ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കിടയിലെ ഐക്യത്തെ ഇല്ലാതാക്കുന്നതാണ്. ഇത് സംസ്ഥാനത്തിന്റെ ഭരണ സംവിധാനത്തിന് അവമതിപ്പുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭരണസംവിധാനത്തിന്റെ പ്രതിഛായ തകർക്കുന്ന പരാമർശങ്ങൾ നടത്തിയെന്നതാണ് എൻ. പ്രശാന്തിനെതിരായ കണ്ടെത്തൽ. ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിൽ വർഗീയ ധ്രുവീകരണമുണ്ടാക്കാൻ കെ. ഗോപാലകൃഷ്ണൻ ശ്രമിച്ചുവെന്നും ഇരുവരുടെയും സസ്പെൻഷൻ റിപ്പോർട്ടിൽ പരാമർശമുണ്ട്.
പ്രശാന്ത് നടത്തിയ ചട്ടലംഘനങ്ങൾ അക്കമിട്ട് നിരത്തിയാണ് സസ്പെൻഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ജയതിലകിനെതിരേ പ്രശാന്ത് നടത്തിയ ആരോപണങ്ങൾ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിൽ ഇതൊക്കെയാണ് പറയുന്നതെങ്കിലും തനിക്കെതിരെ ഗൂഡാലോചന നടന്നുവെന്നാണ് ഇപ്പോഴും പ്രശാന്തിന്റെ വാദം. സസ്പെൻഷനെതിരേ നിയമ പോരാട്ടം നടത്താനാണ് പ്രശാന്തിൻ്റെ നീക്കമെന്നും സൂചനകളുണ്ട്.
Discussion about this post