ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച ഒന്നാം ഇന്നിങ്‌സില്‍ വമ്പന്‍ ലീഡ് നേടി ന്യൂസിലാന്‍ഡ്. 402 റണ്‍സിന് ഓള്‍ഔട്ടായ കിവീസ് 356 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് സ്വന്തമാക്കിയത്. രണ്ടര ദിവസം ശേഷിക്കേ ടെസ്റ്റ് പരാജയപ്പെടാതിരിക്കാന്‍ ഇന്ത്യക്ക് കഠിന പരിശ്രമം ചെയ്യേണ്ടിവരും. കിവി പേസര്‍മാരുടെ മുന്നില്‍ മുട്ടുവിറച്ച് 46 റണ്‍സ് മാത്രമെടുത്ത് ഒന്നാം ഇന്നിംഗ്‌സില്‍ പുറത്തായ ഇന്ത്യക്ക് ഇനി ചെറുത്തുനില്‍ക്കാന്‍ കഴിയുമോയെന്നുതന്നെ സംശയമാണ്.
ടെസ്റ്റില്‍ തന്റെ രണ്ടാം സെഞ്ച്വറി നേടിയ ഇന്ത്യന്‍ വംശജന്‍ രചിന്‍ രവീന്ദ്രയാണ് മൂന്നാം ദിനം കിവീസ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. 157 പന്തുകള്‍ നേരിട്ട് നാലു സിക്‌സും 13 ഫോറുമടക്കം 134 റണ്‍സെടുത്ത രചിനാണ് അവസാനം പുറത്തായത്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ കിവീസ് താരമെന്ന നേട്ടമാണ് ഇതിലൂടെ രചിന്‍ സ്വന്തമാക്കിയത്.
73 പന്തില്‍ നിന്ന് നാലു സിക്‌സും അഞ്ചു ഫോറുമടക്കം 65 റണ്‍സെടുത്ത ടിം സൗത്തി രചിന് ഉറച്ച പിന്തുണ നല്‍കി. എട്ടാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 137 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്.
മൂന്നിന് 180 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ്ങിനിറങ്ങിയ കിവീസിന് 18 റണ്‍സെടുത്ത ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്‍ഡെല്‍ (5), ഗ്ലെന്‍ ഫിലിപ്‌സ് (14), മാറ്റ് ഹെന്റി (8) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഏഴിന് 233 റണ്‍സെന്ന നിലയിലായിരുന്ന കിവീസിനെ പിന്നീട് എട്ടാം വിക്കറ്റില്‍ ഒന്നിച്ച രചിന്‍ സൗത്തി സഖ്യമാണ് മികച്ച നിലയിലേക്കെത്തിച്ചത്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റെടുത്തു.
നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ വെറും 46 റണ്‍സിന് പുറത്തായിരുന്നു.
Discussion about this post