ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് ഭരണഘടനാ ഭേദഗതി ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചു. തൊട്ടുപിന്നാലെ ബില്ല് പരിശോധനയ്ക്കായി സംയുക്ത പാർലമന്ററിസമിതിക്ക് വിടാനുള്ള തീരുമാനം സർക്കാർ പ്രഖ്യാപിച്ചു. കേന്ദ്രനിയമമന്ത്രി അർജുൻ റാം മേഘ്വാൾ ആണ് ബില്ലവതരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ സംയുക്ത പാർലമെന്ററി സമിതിയുടെ ചർച്ചകൾക്കായി വിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിർദേശിച്ചിട്ടുണ്ടെന്ന് തുടർന്ന് സംസാരിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.
ബിൽ അവതരിപ്പിച്ചതിന് പിന്നാലെയുണ്ടായ പ്രതിപക്ഷത്തിൻ്റെ ബഹളത്തിനിടെയാണ് അമിത് ഷായുടെ പ്രസ്താവന. ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നതിനെ 269 പേർ പേർ അനുകൂലിച്ചപ്പോൾ 198 പേർ എതിർത്തു.
ബില്ല് ജെ.പി.സിക്ക് കൈമാറാൻ നിയമമന്ത്രിയോട് നിർദേശിക്കുന്നു. ബിൽ സംയുക്ത പാർലമെൻ്ററി സമിതിയിൽ ചർച്ച ചെയ്യുമെന്നും ജെ.പി.സിയുടെ ശുപാർശകൾ മന്ത്രിസഭ പരിഗണിക്കുമ്പോൾ വീണ്ടും ചർച്ച ചെയ്യുമെന്നും അമിത് ഷാ പാർലമെന്റിനെ അറിയിച്ചു.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സമാജ് വാദി പാർട്ടി തുടങ്ങിയ പ്രതിപക്ഷ കക്ഷികളെല്ലാം ബില്ലിനെ ശക്തമായി എതിർത്തു. ബില്ല് പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും ഇത് ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നും ആരോപിച്ചു.
Discussion about this post