പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും ഒറ്റ തിരഞ്ഞെടുപ്പ് നടത്താനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. ഒറ്റ തിരഞ്ഞെടുപ്പിന് വേണ്ടി നിലവിലുള്ള തിരഞ്ഞെടുപ്പ് നിയമങ്ങളിലെല്ലാം ഭേദഗതി വരുത്തിക്കൊണ്ടുള്ള സമഗ്രമായ ഒറ്റ നിയമം ശുപാര്‍ശ ചെയ്യുന്ന ബില്ലാകും അവതരിപ്പിച്ചേക്കുക എന്നാണ് റിപ്പോര്‍ട്ട്. ലോക്സഭയിലും രാജ്യസഭയിലും ഭൂരിപക്ഷമുള്ളതിനാല്‍ ബില്ല് പാസാക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ആശങ്കകളില്ല.
ബില്‍ നടപ്പാക്കണമെങ്കില്‍ കുറഞ്ഞത് ആറ് ഭരണഘടനാ ഭേദഗതികളെങ്കിലും വേണ്ടിവരും. കൂടാതെ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും ആവശ്യമാണ്. മൂന്നാം മോദി സര്‍ക്കാരില്‍ ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ സംവിധാനം നടപ്പാക്കാന്‍ ഘടകകക്ഷികളുടെ പിന്തുണ അത്യാവശ്യമാണ്. നവംബര്‍ 25ന് ആരംഭിച്ച പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം ഡിസംബര്‍ 20നാണ് അവസാനിക്കുക.
നിയമസഭകളിലേക്ക് പല സമയങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത് രാജ്യത്തിന്റെ പുരോഗതിക്ക് തടസം സൃഷ്ടിക്കുന്നുവെന്നും വികസന പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ പലപ്പോഴായി ആരോപിച്ചിരുന്നു. മാത്രമല്ല നിരവധി തവണ തിരഞ്ഞെടുപ്പ് നടത്തുന്നത് സാമ്പത്തിക ബാധ്യത കൂട്ടുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു.
ഒറ്റ തിരഞ്ഞെടുപ്പ് ആശയം അപ്രായോഗികമാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഒരേസമയം തിരഞ്ഞെടുപ്പെന്ന ആശയം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. ബില്ലിനെ എതിര്‍ക്കുമെന്നും പ്രതിപക്ഷം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
Discussion about this post