‘പുഷ്പ 2′ സിനിമാ പ്രദർശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസിൽ അറസ്റ്റിലായ അല്ലു അർജുൻ ജയിലിൽ നിന്ന് പുറത്തിറങ്ങി. ഒരു രാത്രി മുഴുവൻ ഹൈദരാബാദിലെ ചഞ്ചൽഗുഡ ജയിലിൽ കഴിഞ്ഞശേഷം രാവിലെയാണ് അല്ലു അർജുൻ പുറത്തിറങ്ങിയത്. ജയിലിന് മുന്നിൽ ആരാധകർ തടിച്ചുകൂടിയതിനാൽ പിന്നിലെ ഗേറ്റ് വഴിയാണ് അല്ലു പുറത്തിറങ്ങിയത്. ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് ലഭിച്ചിട്ടും അല്ലു അർജുനെ പുറത്തിറക്കാത്തതിൽ ജയിൽ അധികൃതർ ഉത്തരം പറയേണ്ടി വരുമെന്നും നിയമപരമായി നേരിടുമെന്നും നിലവിൽ അല്ലു വീട്ടിൽ തിരിച്ചെത്തിയെന്നും താരത്തിന്റെ അഭിഭാഷകൻ അശോക് റെഡ്ഡി വ്യക്തമാക്കി.
അതിനിടെ അല്ലു അർജുനെതിരായ പരാതി പിൻവലിക്കുമെന്ന് പുഷ്പ 2വിൻ്റെ പ്രത്യേക പ്രദർശനത്തിനിടെ ഹൈദരാബാദ് സന്ധ്യ തിയറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ച യുവതിയുടെ ഭർത്താവ് ഭാസ്കർ പറഞ്ഞു. ഇയാളുടെ പരാതിയിൽ അല്ലു അർജുൻ അറസ്റ്റിലായതിന് പിന്നാലെയായിരുന്നു പ്രതികരണം. ഭാര്യ രേവതിയുടെ മരണത്തിനുപിന്നാലെ അല്ലുവിനും തിയേറ്ററുകാർക്കുമെതിരെ ഭാസ്കറാണ് പരാതി നൽകിയത്.
“പുഷ്പ 2 കാണണമെന്ന മകൻ്റെ ആഗ്രഹപ്രകാരമാണ് തിയറ്ററിലെത്തിയത്. ആ സമയം തീയറ്റർ സന്ദർശിച്ചത് അല്ലു അർജുൻ്റെ കുഴപ്പമല്ല. പരാതി പിൻവലിക്കാൻ തയാറാണ്. അറസ്റ്റിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്. ദുരന്തത്തിൽ അല്ലു അർജുന് പങ്കില്ല’– ഭാസ്കർ പറഞ്ഞു.
യുവതിയുടെ കുടുംബത്തിന് അല്ലു 25 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Discussion about this post