കരാര്‍ ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടിയ പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിനു (എന്‍.എച്ച്.ആര്‍.എം.) കീഴില്‍ കരാറടിസ്ഥാനത്തില്‍ നിയമിച്ച നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ 270 ദിവസത്തെ പ്രസവാവധി നിഷേധിച്ചതിനെതിരേ മെഡിക്കല്‍ സര്‍വീസസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (എം.ആര്‍.ബി.) 2018ല്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് കെ.ആര്‍. ശ്രീറാം, ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി എന്നിവരുടെ ബെഞ്ചിന്റെ വിധി.
1961ലെ മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിലെ വ്യവസ്ഥകള്‍ കരാര്‍ വ്യവസ്ഥകളുടെ പരിധിക്കു മേലെ നില്‍ക്കും. 1961ലെ നിയമം പ്രസവാവധിക്കുള്ള അവകാശം ഉറപ്പാക്കുന്നതിനും അമ്മ എന്നനിലയിലും തൊഴിലാളി എന്നനിലയിലും തുല്യപ്രധാന്യം കല്പിക്കുന്നതുമാണെന്നുമുള്ള സുപ്രീംകോടതിയുടെ മുന്‍നിരീക്ഷണവും ഹൈക്കോടതി ഉദാഹരിച്ചു.
എന്‍.എച്ച്.ആര്‍.എമ്മിനു കീഴില്‍ 7000 രൂപ പ്രതിമാസശമ്പളത്തില്‍ ജോലിചെയ്യുന്ന 11,000ത്തിലധികം നഴ്‌സുമാര്‍ തമിഴ്‌നാട്ടിലുണ്ടെന്നും ഇവര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി. കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന നഴ്‌സുമാരുടെ പ്രസവാനുകൂല്യങ്ങളുമായി ബന്ധപ്പെട്ടകാര്യം മൂന്നുമാസത്തിനകം തീര്‍പ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.
Discussion about this post