വംശീയ കലാപം രൂക്ഷമായ മണിപ്പൂരിലേക്ക് 10,000 സൈനികരെ കൂടി കേന്ദ്രം അയക്കുമെന്ന് മണിപ്പുർ സുരക്ഷാ ഉപദേഷ്ടാവ്. സംസ്ഥാനത്ത് കേന്ദ്രസേനയുടെ മൊത്തം കമ്പനി പട്ടാളങ്ങളുടെ എണ്ണം 288 ആയി ഉയർത്തുമെന്നും കുൽദീപ് സിങ് ഇംഫാലിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
90 കമ്പനി പട്ടാളത്തെയാണ് പുതുതായി അയക്കുന്നത്. 10,800 കേന്ദ്ര സേനാംഗങ്ങൾ കൂടി എത്തിച്ചേരുന്നതോടെ മണിപ്പൂരിൽ വിന്യസിച്ചിരിക്കുന്ന കമ്പനികളുടെ എണ്ണം 288 ആവും.
2023 മേയ് മുതൽ ഇതുവരെ മണിപ്പുർ കലാപത്തിൽ 258 പേർ മരിച്ചതായി അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തും സംരംക്ഷിക്കുന്നതിനും ദുർബല പ്രദേശങ്ങളുടെ നിരീക്ഷണത്തിനുമാണ് സേനയെ അയയ്ക്കുന്നത്. എല്ലാ പ്രദേശങ്ങളിലേക്കും നിരീക്ഷണം ദിവസങ്ങൾക്കുള്ളിൽ വ്യാപിക്കും. എല്ലാ ജില്ലയിലും പുതിയ കോ-ഓർഡിനേഷൻ സെല്ലുകളും ജോയിൻ്റ് കൺട്രോൾ റൂമുകളും സ്ഥാപിക്കും. കൂടാതെ നിലവിൽ പ്രവർത്തിക്കുന്നവയുടെ അവലോകനം നടത്തിയതായും അദ്ദേഹം പറഞ്ഞു.
2023 മെയ് മാസത്തിൽ മെയ്തേയ് സമുദായവും കുക്കി ഗോത്രവർഗക്കാരും തമ്മിലുള്ള വംശീയ സംഘർഷം ആരംഭിച്ചതിന് ശേഷം 3,000 ആയുധങ്ങൾ സേന ഇതുവരെ കണ്ടെടുത്തിട്ടുണ്ടെന്നും കുൽദീപ് സിംഗ് പറഞ്ഞു.
Discussion about this post