മലപ്പുറം കരുളായിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മണിയുടെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് വനംവകുപ്പ്.യുവാവിൻ്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ ധനസഹായം നൽകും. വനംവകുപ്പ്. അഞ്ച് ലക്ഷം രൂപ അടിയന്തര സഹായമായി നൽകും. മണിയുടെ ഭാര്യയ്ക്ക് വനംവകുപ്പിൽ താൽക്കാലിക ജോലി നൽകുമെന്ന് ഡി.എഫ്.ഒ. അറിയിച്ചു. മരിച്ച യുവാവിൻ്റെ കുടുംബത്തിന് ആവശ്യമായ സഹായം നൽകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ നേരത്തെ അറിയിച്ചിരുന്നു.
ഭിന്നശേഷിക്കാരിയായ മൂത്ത മകളുടെ ചികിത്സയും വനംവകുപ്പ് ഏറ്റെടുക്കും. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് ഇന്നലെ രാത്രിയുണ്ടായ കാട്ടാന ആക്രമണത്തിൽ മരിച്ചത്.
ഇന്നലെ രാത്രി ഏഴുമണിയോടെ കരുളായി വനമേഖലയിൽ വച്ചാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചോലനായ്ക്കർ വിഭാഗത്തിൽ പെട്ട ആളാണ് മണി. ഉൾവനത്തിലൂടെ സഞ്ചരിച്ചാൽ മാത്രമാണ് ഇദ്ദേഹത്തിന്റെ താമസസ്ഥലമായ പൂച്ചപ്പാറ നഗറിൽ എത്താനാകുക.
അതേസമയം, കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധക്കാർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്തു. പി.വി.അൻവർ എം.എൽ.എയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇത് വനം വകുപ്പ് നടത്തിയ കൊലപാതകമാണെന്ന് പി.വി.അൻവർ വിമർശിച്ചു. മണി എന്ന യുവാവ് രണ്ടര മണിക്കൂർ രക്തം വാർന്ന് കിടന്നു. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ വൈകി. തെരുവ് പട്ടിയുടെ വില പോലും മനുഷ്യ ജീവന് നൽകുന്നില്ലെന്നും എം.എൽ.എ. പ്രതികരിച്ചു.
കാട്ടാന ആക്രമിച്ചപ്പോൾ മണിയുടെ കയ്യിൽ കുഞ്ഞുണ്ടായിരുന്നും അത്ഭുതകരമായാണ് അഞ്ചു വയസുകാരൻ രക്ഷപ്പെട്ടതെന്നും ബന്ധുക്കൾ പറഞ്ഞു. മണിയുടെ മകൻ മനുകൃഷ്ണ ആണ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് 6.45ഓടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. കുട്ടികളെ ട്രൈബൽ ഹോസ്റ്റലിൽ ആക്കി തിരിച്ചുവരുന്നതിനിടെയാണ് സംഭവം, മണിയെ കാട്ടാന ആക്രമിച്ചപ്പോൾ കയ്യിലുണ്ടായിരുന്ന അഞ്ചു വയസ് പ്രായമുള്ള മകൻ തെറിച്ചുവീണു. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികളാണ് കുട്ടിയെ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. കാട്ടാന കുട്ടിയ്ക്കു നേരെ പാഞ്ഞടുക്കുന്നതിന് മുമ്പ് രക്ഷപ്പെടുത്തുകയായിരുന്നു. മറ്റുള്ളവരെല്ലാം സുരക്ഷിതമായി കോളനിയിൽ തിരിച്ചെത്തിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് സംഭവം നടന്നതെങ്കിലും രാത്രി 8.10ഓടെയാണ് കൂടെയുണ്ടായിരുന്നവർ തിരിച്ചെത്തിയപ്പോൾ മാത്രമാണ് മണിയുടെ സഹോദരൻ അയ്യപ്പൻ വിവരം അറിഞ്ഞത്. മൊബൈൽ നെറ്റ് വർക്ക് ഇല്ലാത്തതും തിരിച്ചടിയായി. അയ്യപ്പൻ അപകട സ്ഥലത്തെത്തി മണിയെ ചുമന്നാണ് പുറത്തേക്ക് കൊണ്ടുവന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മണിയെ ഒന്നര കിലോമീറ്റർ ദൂരമാണ് ചുമന്നത്. വാഹന സൗകര്യമുള്ള സ്ഥലത്ത് എത്തിക്കാൻ വേണ്ടിയാണ് ചുമന്ന് കൊണ്ടുവന്നത്. കണ്ണക്കൈയിൽ എത്തിച്ചശേഷം അവിടെ നിന്ന് ജീപ്പിൽ കാടിന് പുറത്ത് എത്തിച്ചു. ആശുപത്രിയിലേക്കുള്ള വഴിയെ ആണ് മണി മരിച്ചത്. കൊടുംവനത്തിൽ വെച്ചാണ് അപകടമുണ്ടായതെന്നും മണിയുടെ ഇളയമകൾ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും നിലമ്പൂർ സൗത്ത് ഡി.എഫ്.ഒയും പറഞ്ഞു.
Discussion about this post