സംസ്ഥാനത്ത് വീണ്ടുംകാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കോതമംഗലം കുട്ടമ്പുഴയ്ക്കടുത്ത് ഉരുളൻതണ്ണിക്കടുത്താണ് സംഭവം. കാച്ചേരി സ്വദേശി കൊടിയാട്ട് എൽദോസ് (45) ആണ് കൊല്ലപ്പെട്ടത്.
ഉരുളൻതണ്ണി ഫോറസ്റ്റ് സ്റ്റേഷന് അരകിലോമീറ്റർ അകലെയാണ് സംഭവം. തിങ്കളാഴ്ച രാത്രി 8.45-നും ഒമ്പതുമണിക്കും ഇടയിക്കാണ് ദാരുണമായ സംഭവം ഉണ്ടായത്. എൽദോസിന് പിന്നാലെ വന്നിരുന്നയാൾ പറഞ്ഞാണ് വിവരം പുറംലോകമറിഞ്ഞത്. എൽദോസിനെ റോഡിൽ മരിച്ച നിലയിലാണ് കണ്ടെത്തിത്. ജോലി കഴിഞ്ഞ് കെ.എസ്.ആർ.ടി.സി. ബസിൽ വന്നിറങ്ങി വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് എൽദോസിനെ കാട്ടാന ആക്രമിച്ചത്.
സ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും വനംവകുപ്പ് വേണ്ടരീതിയിൽ നടപടികൾ എടുത്തില്ല എന്നാണ് നാട്ടുകാരുടെ ആരോപണം. ജില്ലാ കളക്ടർ എത്താതെ മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാൻ അനുവദിക്കില്ല എന്ന നിലപാടിലാണ് പ്രദേശവാസികൾ.
കാട്ടാനക്കൂട്ടം ഇപ്പോഴും ഈ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുള്ളതായും വിവരമുണ്ട്. കാലങ്ങളായി കാട്ടാനശല്യമുള്ള സ്ഥലമാണിത്.
Discussion about this post