പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ പൊലീസ് പരിശോധന നടത്തിയത് വിവാദമായി. ഉപതിരഞ്ഞെടുപ്പിന് ജനങ്ങളെ സ്വാധീനിക്കന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ അനധികൃതമായി പണമെത്തിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു തിങ്കളാഴ്ച രാത്രി 12 മണിയോടെ പൊലീസ് മുന്നറിയിപ്പില്ലാതെ വനിതാ നേതാക്കളുടെയടക്കം മുറികളിലെത്തി പരിശോധന നടത്തിയതെന്നാണ് പറയുന്നത്. കാറില്‍ പണമെത്തിച്ചെന്നായിരുന്നു ആരോപണം. സംഭവസമയം സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലിലുണ്ടായിരുന്നെന്ന് സി.പി.എം- ബി.ജെ.പി നേതാക്കള്‍ ആരോപിക്കുകയും ചെയ്തു.
കോണ്‍ഗ്രസ് നേതാവായ ബിന്ദുകൃഷ്ണയുടെ മുറിയിലാണ് പൊലീസ് ആദ്യം പരിശോധന നടത്തിയത്. പിന്നാലെ ഷാനിമോള്‍ ഉസ്മാന്റെ മുറിയിലും പരിശോധന നടത്തി. എന്നാല്‍, വനിതാ പൊലീസ് ഇല്ലാതെ പരിശോധന നടത്താന്‍ പറ്റില്ലെന്ന് ഷാനിമോള്‍ ഉസ്മാന് നിലപാടെടുക്കയും ചെയ്തു. പാലക്കാട്ടെ കെ.പി.എം ഹോട്ടലിലായിരുന്നു പരിശോധന നടന്നത്. ഷാനിമോള്‍ ഉസ്മാന് അടക്കമുള്ളവര്‍ ശക്തമായ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് പ്രവര്ത്തകരടക്കമെത്തി പ്രതിഷേധിച്ചു. ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍നിന്ന് ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് എഴുതി നല്കി. രാത്രി ഒന്നരയോടെ ഷാഫി പറമ്പില്‍, വി.കെ. ശ്രീകണ്ഠന് എന്നിവര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും വലിയ പ്രതിഷേധമാണ് സംഭവ സ്ഥലത്തുയര്ന്നത്. കള്ളപ്പണ ഇടപാടിലാണ് പരിശോധനയെന്നാണ് ആദ്യം പറഞ്ഞതെങ്കിലും പിന്നീട് പൊലീസ് നിലപാട് മാറ്റി പതിവ് പരിശോധനയെന്ന് വിശദീകരിച്ചു. സ്ത്രീകളടക്കമുള്ളവരുടെ മുറിയിലേക്ക് പൊലീസ് മുന്നറിയിപ്പില്ലാതെ കയറിവന്നത് പ്രതിഷേധത്തിനിടയാക്കിയതോടെ പൊലീസ് പ്രതിരോധത്തിലായി. രാത്രി 12 മണിക്ക് തുടങ്ങിയ പരിശോധന പുലര്‍ച്ചെ മൂന്നേകാല്വരെ നീണ്ടു. എന്നിട്ടും ഒന്നും കണ്ടെത്താനായില്ലെന്നതും പൊലീസിന് തിരിച്ചടിയായി. യൂണിഫോം ഇല്ലാതെയാണ് പൊലീസ് എത്തിയതെന്നും തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടും തയാറായില്ലെന്നും മുറിയിലേക്ക് പൊലീസ് ഇടിച്ചുകയറിയെന്നും വനിതാനേതാക്കള്‍ ആരോപിക്കുന്നുണ്ട്
വനിതാ നേതാക്കളുടെ മുറിയിലേക്കടക്കം മുന്നറിയിപ്പില്ലാതെ പൊലീസ് അതിക്രമിച്ചു കടന്നുകയറിയെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ ചെറുത്തതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. നടപടി ആവശ്യപ്പെട്ട് സി.പി.എം, ബി.ജെ.പി. പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സ്ഥിതി കലുഷിതമായി. ഇതിനിടെ കോണ്‍ഗ്രസ്- സി.പി.എം. പ്രവര്‍ത്തകര്‍ തമ്മില്‍ പലതവണ ഏറ്റുമുട്ടി.
സി.പി.എമ്മിന് വേണ്ടി പൊലീസ് ചെയ്യുന്നത് കള്ളന്മാരേക്കാള് മോശമായ പണിയാണെന്ന് ഷാഫി പറമ്പില്‍ എം.പി. പറഞ്ഞു. രാത്രി 12 മണിക്ക് ആരെങ്കിലും വാതിലിന് മുട്ടുമ്പോള്‍ തുറന്നുകൊടുത്തിട്ട് വരൂ കയറിയിരിക്കൂ എന്നുപറഞ്ഞ് ഇരുത്താന്‍ പറ്റുമോ. ഐ.ഡി. കാര്‍ഡ് ചോദിച്ചത് തെറ്റാണോയെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.
Discussion about this post