കിഫ്ബി നിര്‍മിക്കുന്ന സംസ്ഥാനത്തെ റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട്. കിഫ്ബി റോഡുകള്‍ക്ക് ടോള്‍ ഈടാക്കാനുള്ള കരട് നിയമത്തില്‍ ടോളിന് പകരം യൂസര്‍ ഫീസ് എന്നാണ് പരാമര്‍ശിക്കുന്നത്. കരട് നിയമം തയാറാക്കി ബില്ല് അവതരിപ്പിക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നാണ് വിവരം.
നിയമസഭ ബജറ്റ് സമ്മേളനത്തില്‍ തന്നെ ബില്ല് കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം. കിഫ്ബി നിര്‍മിച്ച സംസ്ഥാന പാതകളിലൂടെ 15 കിലോമീറ്ററിന് മുകളില്‍ യാത്ര ചെയ്യുന്നവരില്‍ നിന്നായിരിക്കും യൂസര്‍ ഫീസ് വാങ്ങുകയെന്നാണ് കരട് നിയമത്തില്‍ പറയുന്നത്.
കരട് നിയമത്തില്‍ ടോള്‍ എന്ന വാക്ക് പരാമര്‍ശിക്കുന്നില്ല. യൂസര്‍ ഫീസ് എന്നാണ് പറയുന്നത്. യൂസര്‍ ഫീസ് എന്ന പേരിലായാലും ഫലത്തില്‍ ഇത് ടോള്‍ പോലെ നിശ്ചിത തുക വാഹനയാത്രക്കാരില്‍ നിന്ന് ഈടാക്കുന്ന സംവിധാനം തന്നെയായിരിക്കും. 50 വര്‍ഷം കൊണ്ട് മുടക്കിയ പണം തിരിച്ചു കിട്ടുന്ന രീതിയിലായിരിക്കും നിരക്ക് നിശ്ചയിക്കുക. പുതിയ റോഡുകള്‍ക്ക് മാത്രമല്ല കിഫ്ബി സഹായത്തോടെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞ റോഡുകള്‍ക്കും യൂസര്‍ ഫീ ബാധകമായിരിക്കും. 50 കോടിക്ക് മുകളില്‍ എസ്റ്റിമേറ്റുള്ള റോഡുകള്‍ക്ക് യൂസര്‍ ഫീ ചുമത്തുമെന്നും കരട് നിയമത്തില്‍ പറയുന്നു.
പ്രതിഷേധങ്ങള്‍ക്കിടെയാണ് സര്‍ക്കാരിന്റെ ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. കിഫ്ബി വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ ഉള്‍പ്പെടെ സാമ്പത്തിക പ്രതസന്ധി ഗുരുതരമായി ബാധിക്കുമെന്നത് മുന്നില്‍കണ്ടാണ് സര്‍ക്കാര്‍ നീക്കമെന്നും പറയുന്നു.
Discussion about this post