കെ.എസ്.ആർ.ടി.സി യിൽ കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫിന്റെ നേതൃത്വത്തിലുള്ള പണിമുടക്ക് തുടങ്ങി. പണിമുടക്കിൽ സർവീസുകൾ മിക്കതും മുടങ്ങിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി എം.ഡി പ്രമോജ് ശങ്കർ സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. 24 മണിക്കൂർ പണിമുടക്ക് തിങ്കളാഴ്ച അർധരാത്രി മുതലാണ് ആരംഭിച്ചത്.
സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ താൽകാലിക ജീവനക്കാരെ നിയോഗിച്ച് സർവീസുകൾ നടത്താനുള്ള മുൻകരുതലുകൾ നേരത്തേ തന്നെ അധികൃതർ സ്വീകരിച്ചിരുന്നു.
12 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യണമെന്നതാണ് പ്രധാന ആവശ്യം. ഡി.എ കുടിശിക പൂർണമായും അനുവദിക്കുക, ശമ്പള പരിഷ്കരണ കരാറിൻ്റെ സർക്കാർ ഉത്തരവ് ഇറക്കുക, ഡ്രൈവർമാരുടെ സ്പെഷ്യൽ അലവൻസ് കൃത്യമായി നൽകുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിക്കുന്നു.
സമരം കെ.എസ്.ആർ.ടി.സി യെ തകർക്കാനുള്ള ശ്രമമാണെന്നാണ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്കുമാർ പ്രതികരിച്ചത്.
Discussion about this post