കേരളം ഉൾപ്പെടെ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് 7,324 കോടിയുടെ ആസ്തികൾ. തമിഴ്നാട്, കേരളം, കർണാടകം, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നടന്ന തട്ടിപ്പുകളിലെ പ്രതികളിൽ നിന്നാണ് 7,324 കോടി രൂപ ഇ.ഡി. കണ്ടുകെട്ടിയത്. 64 കേസുകളിലെ കുറ്റാരോപിതരിൽനിന്നു കണ്ടുകെട്ടിയതാണ് ഇത്രയും ആസ്തികൾ. അമിതലാഭം വാഗ്ദാനം ചെയ്ത് നടത്തിയ നിക്ഷേപത്തട്ടിപ്പുകളും ബാങ്കുകളിൽ നടത്തിയ വായ്പാ തട്ടിപ്പുകളുമാണ് ഇതിൽ പ്രധാനം. ഈ ആസ്തികൾ ലേലം ചെയ്ത് സാമ്പത്തിക കുറ്റകൃത്യങ്ങളിലെ ഇരകൾക്കു പണംനൽകാൻ നടപടി ഇ.ഡി. ആരംഭിച്ചു.
സാമ്പത്തിക കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച പണം കണ്ടുകെട്ടി ഇരകൾക്കു തിരിച്ചുനൽകാൻ നിയമമുണ്ട്. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ പൊലീസിന്റെ സഹായത്തോടെ കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് ഇതു ചെയ്യുക. ഇതിനായി പണം നഷ്ടപ്പെട്ടവർ പ്രത്യേക പി.എം.എൽ.എ. കോടതിയെ സമീപിക്കണം. കണ്ടുകെട്ടിയ വസ്തു ലേലം ചെയ്ത് പണം ഇരകൾക്കുനൽകാൻ കോടതി ഉത്തരവിടുകയും വേണം.
വായ്പാ തട്ടിപ്പുകളിൽ പണം തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ബാങ്കുകൾക്ക് നേരിട്ട് കോടതിയെ സമീപിക്കാം. എന്നാൽ, നിക്ഷേപത്തട്ടിപ്പുകളിൽ ഇരകൾ അതതു സംസ്ഥാനങ്ങളിലെ പൊലീസ് വഴിയാണ് കോടതിയെ സമീപിക്കേണ്ടത്.
Discussion about this post