കേരളത്തിന്റെ തിരിച്ചടയ്ക്കാന്‍ ബാക്കിയുള്ള പൊതുകടം 2.52 ലക്ഷം കോടിയായെന്ന് സി.എ.ജി. റിപ്പോര്‍ട്ട്. 2018 മുതല്‍ 2023 വരെ 94,271.83 കോടിയാണ് കൂടിയത്. കടം കൂടിവരുന്ന പ്രവണത ഭാവിയില്‍ കടത്തിന്റെ സുസ്ഥിര തയെ പ്രതികൂലമായി ബാധിക്കുമെന്നും സി.എ.ജി. പറയുന്നു.
2023ല്‍ സംസ്ഥാനം കടമെടുത്തതിന്റെ 97.88 ശതമാനവും മുമ്പെടുത്ത കടങ്ങള്‍ തിരിച്ചടയ്ക്കാനാണ് ചെലവിട്ടതെന്നും സി.എ.ജി. നിരീക്ഷിച്ചു. കടമെടുത്ത് സര്‍ക്കാരിന്റെ ചെലവുകള്‍ നടത്തുന്നത് ഒഴിവാക്കണം. ഇതിനായി സാമൂഹികസാമ്പ ത്തിക വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അധിക വിഭവ സമാഹരണം നടത്തണമെന്നും സി.എ.ജി. നിര്‍ദേശിക്കുന്നു.
2022-23ല്‍ നികുതി വരുമാനം 13.79 ശതമാനം കൂടി 1.32 ലക്ഷം കോടിയായെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. ലോട്ടറിയില്‍നിന്ന് 13,553.39 കോടിയായി വര്‍ധിച്ചപ്പോള്‍ കേന്ദ്ര സഹായം 47,837.21 കോടിയില്‍നിന്നും 45,638.54 കോടിയായി കുറഞ്ഞു. ശമ്പളം, പെന്ഷന്, പലിശ ചെലവ് എന്നിവയ്ക്കായി 90,656.05 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചെലവായത്.
2022-23 സാമ്പത്തിക വര്‍ഷം കിഫ്ബി 5109.24 കോടിയും ക്ഷേമപെന്ഷന് കമ്പനി 2949.67 കോടിയും വായ്പയെടുത്തു. ഈ 8058.91 കോടിയും ബജറ്റിന് പുറത്താണെന്ന് സി.എ.ജി. ആവര്‍ത്തിച്ചു. സി.എ.ജി.യുടെ ഈ പരാമര്‍ശ ങ്ങള് 2019ല്‍തന്നെ നിയമസഭ തള്ളിയതാണെന്ന് വ്യക്തമാക്കിയ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ വിയോജനക്കുറിപ്പോടെയാണ് റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ചത്.
Discussion about this post