അറുപത്തിമൂന്നാമത് സംസ്ഥാന സ്കുൾ കലോത്സവത്തിന് അരങ്ങുണരാൻ ഇനി ഏഴുനാൾ. ജനുവരി നാലിന് രാവിലെ പത്തിന് മുഖ്യവേദിയായ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജനുവരി 4 മുതൽ 8 വരെയാണ് സംസ്ഥാനത്തിൻ്റെ കലാപൂരം തലസ്ഥാനത്ത് നടക്കുന്നത്.
അഞ്ചു ദിവസങ്ങളിലായി 25 വേദികളിലായി 249 മത്സര ഇനങ്ങളിൽ 15,000 ൽ പരം മത്സരാർഥികളാണ് മാറ്റുരക്കുന്നത്. 25 വേദികൾക്കും നദികളുടെ പേരാണ്. സെൻട്രൽ സ്റ്റേഡിയം, വിമൻസ് കോളേജ്, മണക്കാട് ഗവ. എച്ച്.എസ്.എസ് വേദികളിൽ നൃത്ത ഇനങ്ങളും ടാഗോർ തിയറ്ററിൽ നാടകവും കാർത്തിക തിരുനാൾ തിയറ്ററിൽ സംസ്കൃത നാടകവും ചവിട്ടു നാടകവും നടക്കും. ഗോത്ര കലകൾ നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് നടക്കുക. ഭക്ഷണശാല പുത്തരിക്കണ്ടം മൈതാനത്താണ്.
സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നിവയും ഇതോടൊപ്പം നടക്കും. അഞ്ച് ഗോത്ര നൃത്തരൂപങ്ങൾ ഈ വർഷം മത്സരയിനമാകും. മംഗലംകളി, പണിയ നൃത്തം, പളിയ നൃത്തം, മലപ്പുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി വേദിയിലെത്തുക.
കലോത്സവ സ്വർണക്കപ്പിൻ്റെ ഘോഷയാത്ര 31ന് കാസർകോട് കാഞ്ഞങ്ങാടുനിന്ന് ആരംഭിക്കും. ജനുവരി മൂന്നിന് തിരുവനന്തപുരത്തെത്തും. രാവിലെ 10ന് ജില്ലാ അതിർത്തിയായ തട്ടത്തുമലയിൽ സ്വീകരിച്ച് ഘോഷയാത്രയായി സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിക്കും.
Discussion about this post