സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള നാളെ തുടങ്ങും. വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നടി ശബാന ആസ്മി വിശിഷ്ടാതിഥിയാകും. ഹോങ്കോങ്ങില്‍ നിന്നുള്ള സംവിധായിക ആന്‍ ഹുയിക്ക് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിക്കും. 10 ലക്ഷം രൂപയും ശില്‍പ്പവുമടങ്ങുന്നതാണ് അവാര്‍ഡ്.
തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ‘ഐ ആം സ്റ്റില്‍ ഹിയര്‍’ പ്രദര്‍ശിപ്പിക്കും. വിഖ്യാത ബ്രസീലിയന്‍ സംവിധായകന്‍ വാള്‍ട്ടര്‍ സാലസ് സംവിധാനം ചെയ്ത പോര്‍ച്ചുഗീസ് ചിത്രം ബ്രസീല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്.
ഡിസംബര്‍ 20 വരെ 15 തിയേറ്ററുകളിലായി 68 രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 സിനിമകളുണ്ട്. മലയാള സിനിമ ടുഡേ, ഇന്ത്യന്‍ സിനിമ നൗ, ലോകസിനിമ,ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ്, കണ്‍ട്രി ഫോക്കസ്, റെട്രോസ്‌പെക്റ്റീവ്, ‘ദ ഫിമേല്‍ ഗേയ്‌സ്’ ,ലാറ്റിനമേരിക്കന്‍ സിനിമ, കലൈഡോസ്‌കോപ്പ്, മിഡ്‌നൈറ്റ് സിനിമ, അനിമേഷന്‍, റെസ്റ്റോര്‍ഡ് ക്‌ളാസിക്‌സ്, ഹോമേജ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ 177 സിനിമകള്‍ പ്രദര്‍ശനത്തിനുണ്ട്.
മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, ഇന്‍ കോണ്‍വര്‍സേഷന്‍, മീറ്റ് ദ ഡയറക്ടര്‍, അരവിന്ദന്‍ സ്മാരക പ്രഭാഷണം, പാനല്‍ ഡിസ്‌കഷന്‍ എന്നിവയും ഉണ്ടാകും.13000ല്‍പ്പരം ഡെലിഗേറ്റുകളും 100ഓളം ചലച്ചിത്രപ്രവര്‍ത്തകരും മേളയിലെത്തും.
മേളയുടെ ഭാഗമായി മാനവീയം വീഥിയില്‍ ഡിസംബര്‍ 14 മുതല്‍ 19 വരെ വൈകിട്ട് 6.30ന് കലാസാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. ഡിസംബര്‍ 20ന് നടക്കുന്ന സമാപനച്ചടങ്ങില്‍ സംവിധായിക പായല്‍ കപാഡിയയ്ക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.
വിഖ്യാത ഫ്രഞ്ച് ഛായാഗ്രാഹക ആനിയസ് ഗൊദാര്‍ദ് ആണ് അന്താരാഷ്ട്ര മത്സസര വിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്‌സണ്‍. ജോര്‍ജിയന്‍ സംവിധായിക നാനാ ജോജാദ്‌സി, ബൊളീവിയന്‍ സംവിധായകനും തിരക്കഥാകൃത്തുമായ മാര്‍ക്കോസ് ലോയ്‌സ, അര്‍മീനിയന്‍ സംവിധായകനും നടനുമായ മിഖായേല്‍ ഡോവ്‌ലാത്യന്‍, ആസാമീസ് സംവിധായകന്‍ മോഞ്ചുള്‍ ബറുവ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.
Discussion about this post